Connect with us

Gulf

വിധിയെഴുത്ത് കഴിഞ്ഞു; പ്രവാസികള്‍ക്കും ഇനി ആകാംക്ഷയുടെ ദിനങ്ങള്‍

Published

|

Last Updated

ഷാര്‍ജ:കേരള ജനതയോടൊപ്പം പ്രവാസികള്‍ക്കും ഇനിയുള്ള മൂന്നുനാള്‍ ആകാംക്ഷയുടേത്. വോട്ടെണ്ണുന്ന വ്യാഴാഴ്ചവരെ കൂട്ടിയും കുറച്ചുമിരിക്കുകയാണ് പ്രവാസികളും. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് ഫലമറിയാനുള്ള ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. മലയാളികളായ പ്രവാസികളും ഏറെ ആകാം ക്ഷയോടെയും പ്രതീക്ഷയോടെയുമാണ് വോട്ടെണ്ണല്‍ ദിനത്തെ കാത്തിരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷം ആരാവും സംസ്ഥാനം ഭരിക്കുകയെന്നറിയാനുള്ള ജിജ്ഞാസയിലാണ് ഓരോ മലയാളിയും. ഇതിനായവര്‍ കാത്തിരിക്കുന്നു. കടുത്തചൂടിനും കഠിന ജോലിക്കുമിടയിലും പ്രവാസികളുടെ കണ്ണും കാതും കേരളക്കരയിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ വിവരവും അറിയാന്‍ അവര്‍ ഏറെ ആവേശവും ഉത്‌സാഹവും പ്രകടിപ്പിച്ചു. വോട്ടെടുപ്പിന്റെ ഓരോ നിമിഷവും ആകാംക്ഷയോടെയാണ് പ്രവാസികള്‍ കേട്ടറിഞ്ഞത്. വിവരങ്ങളറിയാന്‍ നവ മാധ്യമങ്ങളെയടക്കം ആശ്രയിച്ചു. ജോലിക്കിടയില്‍ ശ്രാവ്യ മാധ്യമങ്ങളാണ് സഹായകമായത്. വാഹന യാത്രക്കിടയിലും ജോലിസ്ഥലത്തും ശ്രാവ്യ മാധ്യമങ്ങള്‍ തുണയായി. അതുകൊണ്ട്തന്നെ നാട്ടില്‍ നടക്കുന്ന ഓരോ വിവരങ്ങളും അപ്പപ്പോള്‍ അറിയാന്‍ പ്രവാസികള്‍ക്കു സാധിച്ചു.
ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതമാനം അറിയാനായിരുന്നു ഏവര്‍ക്കും താത്പര്യം. പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലരുടെയും മുഖം കറുപ്പിച്ചു. ഉദ്ദേശിച്ച പോളിംഗ് ഉണ്ടാകാത്തത് തങ്ങള്‍ ആഗ്രഹിക്കുന്ന മുന്നണിയുടെയും സ്ഥാനാര്‍ഥിയുടെയും പരാജയത്തിനു ഇടയാക്കിയേക്കുമെന്ന ആശങ്കയായിരുന്നു അത്തരക്കാര്‍ക്ക്.
വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയപ്പോള്‍ അതാത് ജില്ലകളിലെ പ്രവാസികള്‍ ആഹ്ലാദമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ തുടര്‍ന്ന് ശതമാനം കുറഞ്ഞ് വന്നപ്പോള്‍ മ്ലാനത പരക്കുകയായിരുന്നു. മലബാര്‍ മേഖലയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം ഈ മേഖലയിലെ പ്രവാസികളില്‍ സന്തോഷം സൃഷ്ടിച്ചു. തങ്ങള്‍ ഉദ്ദേശിക്കുന്ന മുന്നണികളുടെ വിജയത്തിനു കാരണമാകുമെന്നായിരുന്നു അവരുടെ സന്തോഷത്തിനു നിദാനം. നാട്ടില്‍വോട്ടെടുപ്പായതിനാല്‍ പ്രവാസകള്‍ക്ക് പൊതുവെ ഇന്ന് ആഘോഷ പ്രതീതിയായിരുന്നു. വോട്ടെടുപ്പിനിടയിലും ജയ-പരാജയങ്ങളെ കുറിച്ചുള്ള ചര്‍ച്ച മലയാളികള്‍ കൂടുന്നിടത്തെല്ലാം നടന്നു. ഇരു മുന്നണികള്‍ക്കും ഭരണസാധ്യതയാണ് മിക്കവരും കാണുന്നത്. ബി ജെ പിക്കും ജയ സാധ്യതകാണുന്നവരുമുണ്ട്.
ഇടത് മുന്നണി അധികാരത്തിലെത്തുമെന്നാണ് നല്ലൊരു വിഭാഗം പ്രവാസികളും പ്രതീക്ഷിക്കുന്നത്. ഇതിനവര്‍ പലകാരണങ്ങളും ചൂണ്ടിക്കാട്ടുന്നു. യു ഡി എഫ് സര്‍ക്കാറിനെതിരെ ഉയര്‍ന്നു അഴിമതി ആരോപണങ്ങളും സരിത വിഷയവും മറ്റുമാണിവ.
എന്നാല്‍ ഐക്യജനാധിപത്യ മുന്നണി ഭരണം നിലനിര്‍ത്തുമെന്നും മറ്റൊരു വിഭാഗം കരുതുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും മറ്റുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏതു മുന്നണിയാവും അധികാരത്തിലെത്തുകയെന്ന് വ്യക്തമായി പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രവാസി സമൂഹം.
അതുകൊണ്ട് തന്നെ ഫല പ്രഖ്യാപനത്തിനായി അവര്‍ കാത്തിരിക്കുകയാണ്. തങ്ങള്‍ അനുകൂലിക്കുന്ന മുന്നണികള്‍ അധികാരത്തിലെത്തുന്ന പക്ഷം അത് ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളും പ്രവാസലോകത്ത് ആരംഭിച്ചിട്ടുണ്ട്. മധുര പലഹാര വിതരണവും, മറ്റും നടത്താനാണ് നീക്കം.

Latest