Connect with us

Gulf

ഒരു ദിവസത്തെ പാര്‍ക്കിംഗിന് മാളുകള്‍ക്ക് ഈടാക്കാവുന്നത് 70 റിയാല്‍ മാത്രം

Published

|

Last Updated

ദോഹ: ഒരു ദിവസത്തെ പാര്‍ക്കിംഗിന് ഷോപ്പിംഗ് മാളുകള്‍ക്ക് പരമാവധി ഈടാക്കാന്‍ സാധിക്കുക 70 ഖത്വര്‍ റിയാല്‍ മാത്രം. മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് പ്രവേശിച്ചത് മുതല്‍ ആദ്യ 30 മിനുട്ട് നേരത്തേക്ക് ഫീസ് ഈടാക്കരുതെന്നും വാണിജ്യ മന്ത്രാലയത്തിലെ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുതിയ ഫീസ് നിരക്കില്‍ പറയുന്നു.
മാളുകളിലെ പാര്‍ക്കിംഗിന് ആദ്യ രണ്ട് മണിക്കൂര്‍ നേരത്തേക്ക് മണിക്കൂറിന് രണ്ട് ഖത്വര്‍ റിയാല്‍ വീതവും നാല് മണിക്കൂര്‍ വരെ മണിക്കൂറിന് മൂന്ന് റിയാല്‍ വീതവും അതിന് ശേഷമുള്ള ഓരോ മണിക്കൂറിനും അഞ്ച് റിയാല്‍ വീതവും ഈടാക്കാമെന്ന് പുതിയ നിരക്ക് ഘടനയില്‍ പറയുന്നു. എന്നാല്‍ ഒരു ദിവസത്തേക്ക് പരമാവധി 70 റിയാല്‍ മാത്രമെ ഈടാക്കാവൂ. പാര്‍ക്കിംഗ് സ്ഥലത്തേക്ക് പ്രവേശിച്ച് അര മണിക്കൂറിനകം പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാതെ പുറത്തുപോകുമ്പോള്‍ ഒന്നും നല്‍കേണ്ടതില്ല. പാര്‍ക്കിംഗ് ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പിഴയായി 70 റിയാല്‍ നല്‍കണം. സാധാരണ വാലറ്റ് പാര്‍ക്കിംഗിന് 30ഉം വി ഐ പി വാലറ്റ് പാര്‍ക്കിംഗിന് 60ഉം റിയാല്‍ പരമാവധി ഈടാക്കാം.
ഷോപ്പിംഗ് മാളുകളിലെ പാര്‍ക്കിംഗ്/ വാലറ്റ് സേവനങ്ങളുടെ നിരക്ക് നിയന്ത്രിക്കുമെന്ന് കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടര്‍ന്ന് വിശദ പഠനത്തിന് കമ്മിറ്റിയെ നിയോഗിച്ചു. പുതിയ ഫീസ് ഘടനയിലേക്ക് മാറാന്‍ അന്ന് 60 ദിവസത്തെ സമയം മാളുകള്‍ക്കും മറ്റും അനുവദിച്ചിരുന്നു. ഇങ്ങനെ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ പൂര്‍ണ സൂരക്ഷ മാളുകളുടെ ഉത്തരവാദത്തിലായിരിക്കും. എന്തെങ്കിലും കേട് പറ്റിയാല്‍ മാളുകള്‍ക്കാണ് ഉത്തരവാദം. മന്ത്രാലയം അംഗീകരിച്ച പാര്‍ക്കിംഗ് നിരക്കുകള്‍ മാളുകള്‍ എന്‍ട്രന്‍സില്‍ പ്രദര്‍ശിപ്പിക്കണം. മന്ത്രാലയത്തിന്റെ അനുമതി കൂടാതെ പാര്‍ക്കിംഗ് ഇടങ്ങള്‍ മൂന്നാം കക്ഷിക്ക് വാടകക്ക് കൊടുക്കരുത്.