Connect with us

Kerala

പൂഞ്ഞാറില്‍ തേരോട്ടം; താരമായി പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: ഇടതു വലതു മുന്നണികള്‍ക്ക് വിശ്വാസം നഷ്ടമായെങ്കിലും പൂഞ്ഞാര്‍ ജനതക്ക് പി സി ജോര്‍ജിലുള്ള വിശ്വാസം അരക്കെട്ടുറപ്പിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ജോര്‍ജിന്റേത്. ചതുഷ്‌കോണ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറില്‍ ഇടതുവലതു മുന്നണികളുടെ പിന്തുണയോടെ മത്സരിച്ച കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ജനപക്ഷ സ്ഥാനാര്‍ഥിയായ മത്സരിച്ച പി സി ജോര്‍ജ് തേരോട്ടം നടത്തിയിരിക്കുന്നത്. പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും ജോര്‍ജിന്റെ പരാജയം ഉറപ്പിക്കാന്‍ രാഷ്ട്രീയ ഗോദയില്‍ അടവുകള്‍ പലതും പയറ്റിയെങ്കിലും സിറ്റിംഗ് സീറ്റായ പൂഞ്ഞാറില്‍ ജോര്‍ജ് തന്റെ ഭൂരിപക്ഷം 27,821 വോട്ടുകളായി വര്‍ധിപ്പിച്ചു.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ 15,704 വോട്ടുകളായിരുന്നു ജോര്‍ജിന്റെ ലീഡ്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകളില്‍ തുടങ്ങിയ ആധിപത്യം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും മറ്റ് എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്താന്‍ ജോര്‍ജിന് ഓരോ റൗണ്ടുകളിലും സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലമെന്ന നിലയിലും പൂഞ്ഞാര്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ചീഫ് വിപ്പായി ഔദ്യോഗിക പദവികള്‍ വഹിക്കുമ്പോഴും സര്‍ക്കാറിനെതിരെ പരസ്യമായ നിലപാടെടുക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയോടും തെറ്റിപ്പിരിഞ്ഞ് ഇടതുപാളയത്തിലേക്ക് ജോര്‍ജ് അടുത്തു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് മത്സരിച്ചപ്പോള്‍ പൂഞ്ഞാറിലും സമീപ പ്രദേശങ്ങളിലും കേരള കോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് ജോര്‍ജ് കരുത്തികാട്ടി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ പി സി ജോര്‍ജിനെ പിന്തുണക്കാന്‍ ഒരുക്കമല്ലെന്ന നിലപാട് അവസാന നിമിഷം സി പി എം കൈക്കൊണ്ടു. പിണറായി വിജയന്റെ ശക്തമായ എതിര്‍പ്പാണ് ജോര്‍ജിന് ഇടതുപിന്തുണ നഷ്ടമാകാന്‍ കാരണമായി പറഞ്ഞുകേട്ടത്. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറക്കലിന് ജോര്‍ജുമായുള്ള പൊരുത്തക്കേടുകളും ജോര്‍ജിനെ കൈവിടാന്‍ പിണറായിക്ക് ധൈര്യം നല്‍കി. തുടര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസിന് പൂഞ്ഞാര്‍ സീറ്റ് സി പി എം നല്‍കുകയും ചെയ്തു.
പി സി ജോസഫ് ഇടതു സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരരംഗത്ത് വന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും മന്ദഗതിയിലാണ് ഇഴഞ്ഞുനീങ്ങിയത്. ഇടതുകേന്ദ്രങ്ങളിലെ മെല്ലപ്പോക്കിലെ അപകടം തിരിച്ചറിഞ്ഞ് പിണറായി വിജയന്‍ മൂന്ന് തവണ പൂഞ്ഞാറില്‍ നേരിട്ടെത്തി പി സി ജോര്‍ജിന്റെ പരാജയം ഉറപ്പിക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് ശാസനാ രൂപത്തില്‍ കര്‍ശന നിര്‍ദേശവും നല്‍കി. എന്നാല്‍ ഇതൊന്നും പൂഞ്ഞാര്‍ തിരഞ്ഞെടുപ്പ് ഫലത്തെ ഒരുതരത്തിലും ഗ്രസിച്ചില്ല. ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ച പി സി ജോസഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
ആന്റോ ആന്റണി എം പി യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു. ജോര്‍ജിനെ മുട്ടുകുത്തിക്കാന്‍ കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളും പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പൂഞ്ഞാര്‍ ജനതയുടെ മനസ്സ് ജോര്‍ജിന്റെ ശൈലികളെ കൈവിടാന്‍ ഒരുക്കമല്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്.

Latest