Connect with us

Gulf

ഖത്വര്‍ താരം അഫീഫ് വിയ്യാറയല്‍ ജഴ്‌സിയണിഞ്ഞു

Published

|

Last Updated

ക്ലബ് വൈസ്പ്രസിഡന്റ് ജോസ് മാനുവല്‍ ലാനെസ, അക്രം അഫീഫിന് ജഴ്‌സി
കൈമാറുന്നു

ദോഹ: സ്പാനിഷ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച ആദ്യ ഖത്വരിയായ പത്തൊമ്പതുകാരന്‍ അക്രം അഫീഫ് വിയ്യാറയലുമായി കരാര്‍ ഒപ്പുവെച്ചു. ഇന്നലെയാണ് ക്ലബ് താരത്തെ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. ചിഡാഡ് ഡിപോര്‍ട്ടീവയിലെ വിയ്യാറയല്‍ എഫ് സി ട്രെയിനിംഗ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ക്ലബ് വൈസ്പ്രസിഡന്റ് ജോസ് മാനുവല്‍ ലാനെസ താരത്തിന് ജഴ്‌സി കൈമാറി.
ഇത് സ്വപ്‌ന തുല്യമാണെന്നും തന്റെ സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണ് ഇപ്പോഴുള്ളതെന്നും അഫീഫ് പ്രതികരിച്ചു. സ്‌പെയിനിലെ മികച്ച ടീമിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. സ്‌പെയിനില്‍ കഠിനാധ്വാനം ചെയ്യും. സ്പാനിഷ് കളിക്കാരുമായുള്ള മികച്ച അനുഭവങ്ങള്‍ സ്വായത്തമാക്കി ഖത്വറിന് വേണ്ടിയുള്ള മത്സരങ്ങളില്‍ ഉപയുക്തപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ലോവര്‍ ഡിവിഷന്‍ ക്ലബ് ആയ നൊവെല്‍ഡയുമായുള്ള സൗഹൃദമത്സരത്തില്‍ അഫീഫ് ബൂട്ട്‌കെട്ടി. മികച്ച താരമാണ് അഫീഫെന്നും ഖത്വറില്‍ വിയ്യാറയലിന്റെ പ്രചാരണത്തിനും സത്‌പേരിനും ഇത് കാരണമാകുമെന്നും ക്ലബ് വൈസ്പ്രസിഡന്റ് ജോസ് മാനുവല്‍ ലാനെസ പറഞ്ഞു.
മുന്‍ ബാഴ്‌സ താരം സാവി ഹെര്‍ണാണ്ടസ് ഇപ്പോള്‍ കളിക്കുന്ന ക്ലബ് ആണ് അല്‍ സദ്ദിന്റെ കൂടെയുണ്ടായിരുന്ന അഫീഫ് വായ്പയടിസ്ഥാനത്തില്‍ ബെല്‍ജിയം ക്ലബ് ആയ യുപെന്നില്‍ കളിക്കുകായയിരുന്നു. ദോഹയില്‍ ജനിച്ച അഫീഫ് സ്പാനിഷ് ഫുട്‌ബോളിന് അപരിചിതനല്ല. ലാലിഗയില്‍ വിയ്യാറയല്‍ നാലാം സ്ഥാനത്താണ്. അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. ചാംപ്യന്‍ ലീഗില്‍ കളിക്കാനുള്ള അവസരവും ഇതിലൂടെ അഫീഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിയ്യാറയല്‍, സെവിയ്യ ടീമുകളുടെ യുവവിഭാഗത്തില്‍ ഈ 19കാരന്‍ കളിച്ചിട്ടുണ്ട്. ഖത്വറിലെ ആസ്പിയറിന്റെ ഉടമസ്ഥതയിലുള്ള ബെല്‍ജിയന്‍ സെക്കന്‍ഡ് ഡിവിഷന്‍ ആയ കെ എ എസ് യൂപെന്നില്‍ 2015 മുതല്‍ അഫീഫ് കളിക്കുന്നുണ്ട്. നിലവിലെ സീസണില്‍ യൂപെന്നിന് വേണ്ടി 16 മത്സരങ്ങളില്‍ ഇറങ്ങിയ അഫീഫ് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ബെല്‍ജിയം ക്ലബിന്റെ ടോപ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റവും അഫീഫിന് ലഭിച്ചിട്ടുണ്ട്. ശക്തരുടെ പോരാട്ട വേദിയായ യൂറോപ്യന്‍ ലീഗില്‍ തങ്ങള്‍ വളര്‍ത്തിയ താരത്തിന്റെ സാന്നിധ്യം ആസ്പിയറിനും ഏറെ നേട്ടമുണ്ടാക്കും.
കഴിഞ്ഞ വര്‍ഷമാണ് ഖത്വര്‍ ദേശീയ ടീമിന്റെ കുപ്പായം അഫീഫ് അണിഞ്ഞത്. എ എഫ് സി ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഭൂട്ടാനെതിരെ 15 ഗോളിന്റെ ഏകപക്ഷീയ വിജയം നേടിയ മത്സരത്തില്‍ അഫീഫും ഇറങ്ങിയിരുന്നു. ഖത്വര്‍ ദേശീയ ടീമിലെ കുന്തമുനയായ അഫീഫ്, റഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തുറുപ്പുചീട്ടാണ്.