Connect with us

National

ഓര്‍ഡിനന്‍സിന് അംഗീകാരം;നീറ്റില്‍ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി:മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് രാജ്യത്ത് ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നതില്‍ ഇളവുകള്‍ നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ അംഗീകാരം. ഓര്‍ഡിനന്‍സിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ നടപടി. മെഡിക്കല്‍, ദന്തല്‍ ബിരുദ പ്രവേശനം നീറ്റ് വഴി മാത്രമേ നടത്താവു എന്ന സുപ്രീം കോടതി ഉത്തരവ് ഭാഗികമായി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കോളജുകളിലേക്ക് മാത്രമാണ് ഇളവനുവദിച്ചത്. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കോളജുകളിലേക്കും സ്വകാര്യ കോളജുകളിലെ അമ്പത് ശതമാനം മെറിറ്റ് സീറ്റിലേക്കും സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ വഴി ഈ വര്‍ഷം പ്രവേശനം നടത്താം. അമ്പത് ശതമാനം സീറ്റ് സര്‍ക്കാറിന് നല്‍കാന്‍ കരാറുണ്ടാക്കിയ സ്വകാര്യ കോളജുകള്‍ക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക.

അതേസമയം മാനേജ്‌മെന്റ് സീറ്റിലേക്ക് ഈ കോളജുകള്‍ നീറ്റ് വഴി തന്നെ പ്രവേശനം നടത്തേണ്ടിയും വരും. സര്‍ക്കാറുമായി സീറ്റ് പങ്കിടാന്‍ തയ്യാറാകാത്ത സ്വകാര്യ കോളജുകളും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും കല്‍പ്പിത സര്‍വകലാശാലകളും നീറ്റ് വഴി തന്നെ പ്രവേശനം നടത്തണം.സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കുകയല്ല, നീറ്റ് പരീക്ഷ നടപ്പാക്കുന്നതിനൊപ്പം സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ക്കും ഈ വര്‍ഷം സാധുത നല്‍കുകയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കണ്ട് വിശദമാക്കിയിരുന്നു. നീറ്റ് പരീക്ഷ ഈ വര്‍ഷം തന്നെ നടപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍, ഇതിനെതിരെ ഭൂരിപക്ഷം സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയതോടെയാണ് ഈ വര്‍ഷം നീറ്റ് നടപ്പാക്കുന്നതില്‍ ചില ഇളവുകള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം സര്‍ക്കാര്‍ കോളജുകളിലേക്കും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടകളിലേക്കുമുള്ള പ്രവേശനം സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കുന്നതിന് വിവിധ സംഘടനകള്‍ തയ്യാറെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുന്നതിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന വ്യക്തമാക്കി. ഓര്‍ഡിനന്‍സ് പകര്‍പ്പ് ലഭിച്ചാലുടന്‍ കോടതിയില്‍ ഹരജി നല്‍കും. ട്രസ്റ്റ് നല്‍കിയ ഹരജി പരിഗണിച്ചാണ് നീറ്റ് ഈ വര്‍ഷം നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
ഓര്‍ഡിനന്‍സ് റദ്ദാക്കാനും സ്റ്റേ ചെയ്യാനും സുപ്രീം കോടതിക്ക് അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാറുകളുടെ ആശങ്ക കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയുമാണ് ഭാഗികമായി ഈ വര്‍ഷം മാത്രം ഇളവ് നല്‍കിയതെന്ന വാദമാകും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിക്കുക.

---- facebook comment plugin here -----