Connect with us

Kerala

മൂന്ന് മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കുമെന്നും കേന്ദ്രവിഹിതം ഉടന്‍ ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജഗത് പ്രകാശ് നദ്ദ. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കി മാറ്റുന്നത്. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ട് മൂന്നാംഘട്ട ക്യാന്‍സര്‍ സെന്ററിനായി 25 കോടി രൂപ കേന്ദ്രവിഹിതം വകയിരുത്തും. എറണാകുളം, കണ്ണൂര്‍ മൂന്നാംഘട്ട ട്രോമാകെയ് യൂണിറ്റുകള്‍ക്കും ആലപ്പുഴയിലെ രണ്ടാംഘട്ട ട്രോമാകെയര്‍ സെന്ററിനുമായി 17 കോടി രൂപ അനുവദിക്കും. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യവും, കോഴിക്കോട് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലാണ്. സംസ്ഥാനത്തെ 58 ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തി പദവി ഉയര്‍ത്താനും കേന്ദ്ര ആരോഗ്യവകുപ്പ് തീരുമാനിച്ചതായി ജെ പി നഡ്ഡ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞതവണത്തേക്കാള്‍ മൂന്ന് മടങ്ങിലും അധികം കേന്ദ്രവിഹിതമാണ് 14ാം ധനകാര്യകമ്മീഷന്‍ ശിപാര്‍ശ പ്രകാരം ഇത്തവണ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ജില്ലാ കേന്ദ്രങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ബൃഹദ് പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും വൈകാതെ സംസ്ഥാനം പദ്ധതിയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ പി നദ്ദ ചൂണ്ടിക്കാട്ടി.