Connect with us

Gulf

ഏഴ് ധാരണപത്രങ്ങളില്‍ ഇന്ത്യയും ഖത്വറും ഒപ്പുവെച്ചു

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും കൂടിക്കാഴ്ചക്കിടെ

#അലി അക്ബര്‍
ദോഹ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഖത്വര്‍ സന്ദര്‍ശനത്തിനു സമാപനം. ഖത്വറുമായി വിവിധ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമായി ഏഴ് ധാരണാപത്രങ്ങളില്‍ ഇരു രാഷ്്ട്രങ്ങളും ഒപ്പുവെച്ചു. നിക്ഷേപം, കസ്റ്റംസ്, സാമ്പത്തിക കുറ്റകൃത്യം, മാനവവിഭവശേഷി വികസനം, ടൂറിസം, ആരോഗ്യം, സ്‌പോര്‍ട്‌സ് എന്നീ കരാറുകളിലാണ് ഒപ്പുവെച്ചത്. നിര്‍ണായകമായ ഈ കരാറുകള്‍ ഇന്ത്യയും ഖത്വറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സാമൂഹിക പ്രതിനിധികളുടെ സംഗമത്തെ അഭിസംബോധന ചെയ്ത മോദി വൈകുന്നേരത്തോടെ ജനീവയിലേക്ക് തിരിച്ചു.
ഇന്നലെ രാവിലെ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന സൗഹൃദവും സഹകരണവും ചര്‍ച്ച ചെയ്തു. അവ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതു സംബന്ധിച്ചും ആശയങ്ങള്‍ കൈമാറി.
ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമയാസമയങ്ങളില്‍ വിശകലനം നടത്തുന്നതിനും സംയുക്ത കമ്മിറ്റി തുടര്‍ച്ചയായി യോഗം ചേരുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ധാരണയായി.
ഖത്വറില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം വരുന്നതിന് സഹായിക്കുന്നതാണ് ഖത്വര്‍ നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും തമ്മില്‍ ഒപ്പുവെച്ച കരാറെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അമര്‍ സിന്‍ഹ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എളുപ്പമാക്കുന്നതിന് സഹായിക്കുന്ന വിധം കസ്റ്റം നടപടികള്‍ ഏകീകരിക്കുകുയം വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതിനുള്ളതാണ് രണ്ടാമത്തെ കരാര്‍. കള്ളപ്പണം കടത്തുന്നതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും തടയുന്നതിനുള്ള യോജിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് മൂന്നാമത് കരാര്‍.
ഖത്വറില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നവിധം മാനവവിഭവങ്ങള്‍ വികസിക്കുന്നതിനായുള്ള കരാറിലും ഒപ്പുവെച്ചു. ഇന്ത്യക്കാര്‍ക്ക് ഖത്വര്‍ ടൂറിസം വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിനായുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അമര്‍ സിന്‍ഹ അറിയിച്ചു.
നേരത്തേ അമീരി ദിവാനില്‍ നരേന്ദ്ര മോദിക്ക് ഖത്വര്‍ അമീര്‍ രാജകീയ വരവേല്‍പ്പ് നല്‍കി. അമീറിനൊപ്പം നരേന്ദ്ര മോദി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
വൈകുന്നേരം ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി മീറ്റില്‍ സംഘടനാ പ്രതിനിധികള്‍, നയതന്ത്ര മേധാവികള്‍, വ്യവസായ പ്രമുഖര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.