Connect with us

Editorial

തുര്‍ക്കിയും ജര്‍മനിയും

Published

|

Last Updated

അര്‍മേനിയ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിര്‍ണയിക്കുന്നതില്‍ വര്‍ത്തമാന കാലത്തിനുള്ള അത്ര തന്നെ പങ്ക് ചരിത്രത്തിനുമുണ്ടെന്ന് വീണ്ടും തെളിയിച്ചുകൊണ്ടാണ് 1915ലെ അര്‍മേനിയന്‍ കൂട്ടക്കൊല സംവാദങ്ങള്‍ക്ക് വിഷയീഭവിക്കുന്നത്. ചരിത്രത്തില്‍ ആഴത്തില്‍ വേരുകളുള്ള ശത്രുതകള്‍ പലതും പതുക്കെ മാഞ്ഞുപോകുകയും വിചിത്രമായ നവ സൗഹൃദങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് ചരിത്രത്തെ വളച്ചൊടിച്ച് ബന്ധവിച്ഛേദനങ്ങള്‍ നടക്കുന്നത്. ജര്‍മനിയും തുര്‍ക്കിയും തമ്മില്‍ ചരിത്രപരമായ സുദൃഢബന്ധമാണ് ഉള്ളത്. അത് ഏറെക്കുറെ സ്വാഭാവികവും സ്ഥായിയും ആയിരുന്നു. എന്നാല്‍ ഇന്ന് ആ ബന്ധം ഏറ്റവും വഷളായ നിലയിലേക്ക് നീങ്ങുകയാണ്. വ്യാപാര ബന്ധം തകര്‍ന്നതല്ല കാരണം. സാമ്പത്തിക അവിശ്വാസമോ രാഷ്ട്രീയ കാരണങ്ങളോ അതിന് പിന്നിലില്ല. ഉള്ളത് ചരിത്രത്തിന്റെ വ്യാഖ്യാനം മാത്രമാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി അന്നത്തെ ഓട്ടോമന്‍ ഭരണകൂടം അര്‍മേനിയന്‍ ജനതക്ക് മേല്‍ നടത്തിയ ആക്രമണം വംശഹത്യയായിരുന്നുവെന്ന് ആരോപിക്കുന്ന പ്രമേയം ജര്‍മന്‍ പാര്‍ലിമെന്റ് പാസ്സാക്കിയതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. സംഭവം ആസൂത്രിത വംശഹത്യായിരുന്നുവെന്നും ആധുനിക തുര്‍ക്കി ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ ഗ്രീന്‍സ് പ്രമുഖര്‍ കൊണ്ടുവന്ന പ്രമേയത്തെ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലിന്റെ ഭരണസഖ്യവും അനുകൂലിച്ചതോടെ ജര്‍മന്‍ പാര്‍ലിമെന്റിന്റെ ഒറ്റക്കെട്ടായ ശബ്ദമായി അത് മാറി. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു പ്രമേയത്തിന് ശ്രമം നടന്നതാണ്. പക്ഷേ, തുര്‍ക്കിയുമായുള്ള ബന്ധം മോശമാകുന്നതില്‍ ആശങ്ക പൂണ്ട് പ്രമേയം വോട്ടിനിടുന്നത് മെര്‍ക്കല്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഈ പ്രമേയം തുര്‍ക്കിക്ക് മേല്‍ ഒരു നിയമപരമായ ബാധ്യതയും ഏല്‍പ്പിക്കുന്നില്ല. ഏതെങ്കിലും അന്താരാഷ്ട്ര സമിതിക്ക് മുമ്പില്‍ തുര്‍ക്കി ഭരണാധികാരികള്‍ മറുപടി പറയേണ്ടതുമില്ല.
എന്നിട്ടും രൂക്ഷമായാണ് തുര്‍ക്കി പ്രമേയത്തോട് പ്രതികരിച്ചത്. ജര്‍മനിയിലെ തങ്ങളുടെ സ്ഥാനപതിയെ തുര്‍ക്കി പിന്‍വലിച്ചു. അടിസ്ഥാനരഹിതവും ചരിത്രവിരുദ്ധവുമായ ആശയമാണ് പ്രമേയം മുന്നോട്ട് വെക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പുതുതായി നിയമിതനായ പ്രധാനമന്ത്രി ബിനാലി യിദ്‌രിമും തുറന്നടിച്ചു. തുര്‍ക്കി പാര്‍ലിമെന്റ് പ്രമേയത്തെ അപലപിക്കുന്ന പ്രസ്താവന പാസ്സാക്കി.

കുര്‍ദ് പാര്‍ട്ടിയൊഴിച്ച് മറ്റെല്ലാവരും പ്രസ്താവനയെ അനുകൂലിച്ചു. ഇതാദ്യമായല്ല അര്‍മേനിയന്‍ കൂട്ടക്കൊലയുടെ പേരില്‍ തുര്‍ക്കിക്കെതിരെ കുറ്റാരോപണം നടക്കുന്നത്. ഈ സംഭവത്തിന്റെ നൂറാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24ന് അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനില്‍ ആചരിച്ചപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡേ, റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ അടക്കം നിരവധി ലോകനേതാക്കള്‍ പങ്കെടുത്തിരുന്നു. തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ തഖ്‌സീം ചത്വരത്തില്‍ അവിടെയുള്ള അര്‍മേനിയന്‍ വംശജരും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. തുര്‍ക്കിയില്‍ ഇതോടൊപ്പം മറ്റൊരു ആഘോഷം കൂടി നടന്നു.

ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യശക്തികള്‍ക്കെതിരെ തുര്‍ക്കി സൈന്യം നേടിയ ഉജ്ജ്വലമായ ചെറുത്തുനില്‍പ്പ് വിജയത്തിന്റെ ആഘോഷമായിരുന്നു അത്. ഗാളിപോളി വിജയമെന്ന് ഇത് വിളിക്കപ്പെടുന്നു. നൂറാം വാര്‍ഷികാഘോഷത്തിന് അന്ന് വലിയ മാധ്യമ പ്രാധാന്യം കൈവന്നത് കത്തോലിക്കാ സഭാ അധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് നടത്തിയ ഇടപെടലിലൂടെയായിരുന്നു. തുര്‍ക്കി ഭരണകര്‍ത്താക്കള്‍ അര്‍മേനിയന്‍ വംശജരെ വംശഹത്യക്ക് വിധേയരാക്കുകയായിരുന്നുവെന്നാണ് പോപ്പ് പ്രഖ്യാപിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ പ്രഥമ വംശഹത്യയാണിതെന്നും ക്രിസ്ത്യന്‍ ഉന്‍മൂലനം തന്നെയായിരുന്നു ഓട്ടോമന്‍ ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അത്‌കൊണ്ട് ആധുനിക തുര്‍ക്കി ഈ ചരിത്ര സത്യം അംഗീകരിക്കാന്‍ തയ്യാറാകണം.

വംശഹത്യയുടെ ഉത്തരവാദിത്വം ഏല്‍ക്കണമെന്നും പോപ്പ് പറഞ്ഞു. അന്ന് കൊല്ലപ്പെട്ട മുഴുവന്‍ പേരെയും (15 ലക്ഷം പേരെന്നാണ് കണക്ക്) പോപ്പ് വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയും പേരെ ഒറ്റയടിക്ക് വിശുദ്ധരാക്കിയതിലൂടെ സഭ അത്യന്തം അപകടകരമായ സന്ദേശം നല്‍കുകയായിരുന്നു. തുര്‍ക്കി ഈ വംശഹത്യാ ആരോപണത്തെ അംഗീകരിക്കുന്നില്ല. അര്‍മേനിയന്‍ വംശഹത്യ കളവാണ്. 1915ല്‍ നടന്നത് ഏകപക്ഷീയമായ കൊലപാതകം ആയിരുന്നില്ല. ഇരു ഭാഗത്തും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വംശീയ ഉന്‍മൂലനം ആയിരുന്നില്ല ലക്ഷ്യം. മറിച്ച് സ്വന്തം രാഷ്ട്രം സംരക്ഷിക്കാനാണ് ഉസ്മാനിയ്യ ഭരണകൂടം ശ്രമിച്ചത്. അര്‍മേനിയന്‍ ജനതയില്‍ നല്ലൊരു വിഭാഗം രാഷ്ട്രവിരുദ്ധ ദൗത്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അന്നത്തെ ഭരണകൂടത്തിന് ശക്തമായ നടപടി സ്വീകരിക്കേണ്ടി വന്നു.

റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ സാമ്രാജ്യത്വ ശക്തികളുമായി കൈകോര്‍ക്കുകയാണ് അര്‍മേനിയന്‍ ജനത ചെയ്തത്. അത്‌കൊണ്ട്, യുദ്ധമാണ് നടന്നത്. തുര്‍ക്കിയും സാമ്രാജ്യത്വ ശക്തികളും തമ്മിലുള്ള യുദ്ധം. അര്‍മേനിയക്കാര്‍ നാടുകടത്തപ്പെട്ടുവെന്നതും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നതും വസ്തുതയാണെന്ന് തുര്‍ക്കി അംഗീകരിക്കുന്നു. മൂന്ന് ലക്ഷമെന്നാണ് തുര്‍ക്കിയുടെ കണക്ക്. പക്ഷേ വംശഹത്യയുടെ നിര്‍വചനങ്ങളുടെ പരിധിയില്‍ വരുന്ന ഒന്നായിരുന്നില്ല അത്.
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെയാകെ അസ്ഥിരപ്പെടുത്താനുള്ള സാമ്രാജ്യത്വ അജന്‍ഡയെ അതിജീവിച്ച് നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ തുര്‍ക്കിക്ക് ഇന്ന് നിര്‍ണായക സ്ഥാനമുണ്ട്. അത്‌കൊണ്ട് തന്നെ ചരിത്രവസ്തുതകള്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് ആ രാജ്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയവുമുണ്ട്.

ക്രിസ്ത്യന്‍ മേധാവിത്വത്തിനും കൊളോണിയല്‍ ആധിപത്യത്തിനും വേണ്ടി നടന്ന കൂട്ടക്കുരുതികളെ വിസ്മൃതിയില്‍ നിര്‍ത്തിക്കൊണ്ടാണ് പോപ്പും ജര്‍മനിയുമെല്ലാം തുര്‍ക്കിക്ക് മേല്‍ കുറ്റാരോപണം കെട്ടിവെക്കുന്നത്. രാജ്യത്തെ അര്‍മേനിയന്‍ ന്യൂനപക്ഷത്തെ അങ്ങേയറ്റത്തെ ഉള്‍ക്കൊള്ളല്‍ ശേഷിയോടെ ചേര്‍ത്ത് പിടിക്കുകയാണ് തുര്‍ക്കി ഇപ്പോള്‍ ചെയ്യേണ്ടത്. അതോടൊപ്പം ചരിത്രത്തിന്റെ ശരിയായ വ്യാഖ്യാനം ലോകത്തിന് മുമ്പില്‍ വെക്കാനുള്ള അവസരം വിനിയോഗിക്കുകയും വേണം.

Latest