Connect with us

Kerala

പ്രശ്‌ന പരിഹാരത്തിന് രാഹുലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച

Published

|

Last Updated

#ഖാസിം എ ഖാദര്‍
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ തമ്മിലടി പരിഹരിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള നേതാക്കള്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കാനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പം കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
കെ പി സി സി അധ്യക്ഷനെ മാറ്റുന്നതുള്‍പ്പെടയെുള്ള നിര്‍ണായക തീരുമാനങ്ങളൊന്നും രാഹുല്‍ കൈക്കൊള്ളാന്‍ ഇടയില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയും രമേശും ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. മുതിര്‍ന്ന നേതാവും എ ഐ സി സി അംഗവുമായ എ കെ ആന്റണി സുധീരനെ പിന്തുണച്ചേക്കും.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ ഇരു ഗ്രൂപ്പ് നേതാക്കളും സുധീരനെ പ്രതിക്കൂട്ടിലാക്കാന്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ ആരോപണവിധേയര്‍ മത്സരിക്കേണ്ടതില്ലെന്ന് വാശിപിടിച്ച് സുധീരന്‍ നഷ്ടപ്പെടുത്തിയ പ്രചാരണ ദിവസങ്ങളും കനത്ത തോല്‍വിക്ക് ഇടയാക്കിയെന്ന് ഇരു നേതാക്കളും സമര്‍ഥിക്കും. ഉമ്മന്‍ ചാണ്ടി ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം മുന്നണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഇത്തരമൊരു സാഹചര്യത്തിലേക്ക് കടന്നാല്‍ അത് സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. എന്നാല്‍, ഈ വിരട്ടലിന് വഴങ്ങി സുധീരനെ മാറ്റുന്നതിനെ കുറിച്ച് രാഹുല്‍ ആലോചിക്കാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. രാഹുലിന്റെ പിന്തുണയോടെ ഗ്രൂപ്പിസത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് അവസരമൊരുക്കാനാണ് പ്രധാനമായും സുധീരന്‍ ചരട് വലിക്കുന്നത്.
മൂന്ന് നേതാക്കള്‍ക്കും സുപ്രധാനമായ മൂന്ന് പദവികളും പുനഃസംഘടനക്ക് മൂന്ന് പേരുടെയും അഭിപ്രായങ്ങള്‍ ഏകോപിപ്പിച്ച് പൊതു മാനദണ്ഡം ഏര്‍പ്പെടുത്തുകയും ചെയ്ത് ചര്‍ച്ച അവസാനിപ്പിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഗ്രൂപ്പിനതീതമായി പുനഃസംഘടന നടത്താനുള്ള സുധീരന്റെ നീക്കം വിജയം കാണാനിടയില്ല. തിരഞ്ഞടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലക്ക് കൈമാറിയ ഉമ്മന്‍ ചാണ്ടി ഇതുവരെ പകരം ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ല. യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.