Connect with us

Malappuram

ജനകീയ കൂട്ടായ്മയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീടൊരുക്കും

Published

|

Last Updated

കൊളത്തൂര്‍: കല്യാണിയുടേയും മകള്‍ സുന്ദരിയുടേയും ദുരിത ജീവിതത്തിന് അറുതിയാകുന്നു. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ പിഞ്ചു കുട്ടികള്‍ക്കൊപ്പം ദുരിത ജീവിതം നയിക്കുന്ന മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ വെങ്ങാട് കിഴക്കേചോലയില്‍ താമസിക്കുന്ന രണ്ട് ആദിവാസി കുടുംബങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയില്‍ വീടൊരുക്കും.
വെങ്ങാട് ഇല്ലിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെഡ് സ്റ്റാര്‍ ചാരിറ്റി എന്ന കൂട്ടായ്മയാണ് ഉദാരമതികളുടെ സഹായത്തോടെ വീടൊരുക്കുന്നത്. തലചായ്ക്കാന്‍ ഇടമില്ലാത്ത കുടിലുകളില്‍ കഴിയുന്ന ഈ കുടുംബങ്ങളെ കുറിച്ച് സിറാജ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സൈനുദ്ധീന്‍, പഞ്ചായത്ത് അംഗം പി ഷാഹിന എന്നിവര്‍ ഇന്നലെ ഇവര്‍ താമസിക്കുന്ന കുടിലുകള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായതെല്ലാം പഞ്ചായത്ത് ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.
റേഷന്‍ കാര്‍ഡ് ഉള്‍പ്പടെ ഒരു രേഖയും ഇവര്‍ക്കില്ല. അവയെല്ലാം ശരിപ്പെടുത്തുന്നതിനു ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മൂന്നു ലക്ഷത്തിലധികം രൂപ ആശ്രയ പദ്ധതിയുടെ ഫണ്ട് ഇനത്തില്‍ പഞ്ചായത്തിനുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പി സൈനുദ്ധീന്‍ മാസ്റ്റര്‍, പ്രൊഫ. കെ ദാമോദരന്‍, പഞ്ചായത്ത് അംഗം കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ രക്ഷാധികാരികളായ ഒരു കൂട്ടായ്മ ആദിവാസി കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നതിന് പെരിന്തല്‍മണ്ണ അര്‍ബന്‍ ബേങ്കിന്റെ മൂര്‍ക്കനാട് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എ/സി നമ്പര്‍ 0018000900000690 ഐ എഫ് സി കോഡ് ഐ ബി കെ എല്‍0763പി10.