Connect with us

Ramzan

തിരസ്‌കരിക്കപ്പെടാത്ത പ്രാര്‍ഥനകള്‍

Published

|

Last Updated

അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ഏറ്റവും ഉദാത്തമായ ബന്ധത്തിന്റെ പ്രകാശനമാണ് പ്രാര്‍ഥന. അടിമയെ അവന്റെ സൃഷ്ടി കര്‍ത്താവുമായി ബന്ധിപ്പിക്കുന്ന ബലിഷ്ടമായ പാശം. അതോടൊപ്പം അല്ലാഹുവിനുള്ള ആരാധനയും അതിമഹത്തായ പുണ്യ കര്‍മവുമാണത്.
പ്രാര്‍ഥന ഉള്‍ചേരാത്ത ആരാധനയില്ല. പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്ന തിരുവചനം എത്ര മാത്രം ശ്രദ്ധേയമാണ്. അടിമ ഉടമയായ അല്ലാഹുവിനോട് നടത്തുന്ന അര്‍ഥന മാത്രമേ മതത്തിന്റെ സാങ്കേതിക പ്രയോഗത്തില്‍ പ്രാര്‍ഥനയാവുകയുള്ളൂ. സൃഷ്ടികളോടുള്ള ഏത് അപേക്ഷകളും സഹായാര്‍ഥ മാത്രമേ ആകുന്നുള്ളൂ.
ലോകമാകെയുള്ള മുസ്‌ലികള്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുന്നവരാണ്. അല്ലാഹു ആദരിച്ച മഹാത്മാക്കളോട് സഹായാര്‍ഥന നടത്തുന്നവരുമാണ്. ഈ സഹായതേട്ടത്തിന്റെ പേരില്‍ ശിര്‍ക് (ബഹുദൈവാരാധന) ആരോപിക്കുന്നത് ഇസ്‌ലാമുമായി ബന്ധമില്ലാത്തവരാണ്. ഖുര്‍ആന്‍ പറയുന്നു. നിങ്ങള്‍ അല്ലാഹുവോട് ദുആ ചെയ്യുന്നില്ലെങ്കില്‍ അവന്‍ നിങ്ങളെ പരിഗണിക്കില്ല. (അല്‍ ഫുര്‍ഖാന്‍ 77).
വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ മുഴുകുന്ന പ്രത്യേക കാലമാണ് റമസാന്‍. വിശേഷിച്ചും ഇരുപത്തി ഏഴാം രാവ്. അന്നും അതിന് തയ്യാറാകാത്തവരുടെ കാര്യം മഹാ കഷ്ടമാണ്. എല്ലാ നോമ്പുകാര്‍ക്കും അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുന്ന ഒരു പ്രാര്‍ഥനയുണ്ട്. ഒന്നുകില്‍ ഐഹിക ലോകത്ത് വെച്ച് തന്നെ അല്ലാഹു അവര്‍ക്ക് അത് നല്‍കും. അല്ലെങ്കില്‍ പാരത്രിക ലോകത്തേക്ക് അത് കരുതി വെക്കും. (ഹദീസ് ബൈഹഖി)
നോമ്പുകാരന് ലഭിക്കുന്ന അഞ്ച് ആനുകൂല്യങ്ങള്‍ വിവരിക്കുന്ന ഹദീസിലും അവന്റെ പ്രാര്‍ഥനക്ക് ഉത്തരമുണ്ടെന്ന് ആവര്‍ത്തിക്കുന്നുണ്ട്. വിശപ്പും ദാഹവും ക്ഷീണവും പാരമ്യതയിലെത്തി നില്‍ക്കുന്ന സമയം പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരമുണ്ടെന്നും അത് തിരസ്‌കരിക്കപ്പെടാത്ത പ്രാര്‍ഥനയാണെന്നും നിരവധി നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. (ഇബ്‌നു മാജ 1753).
റമസാനിലും അല്ലാത്ത കാലത്തും പാതി രാത്രിയിലുള്ള പ്രാര്‍ഥനക്ക് പ്രത്യുത്തരം ലഭിക്കും. നോമ്പുകാലത്ത് അത്താഴ സമയത്തുള്ള പ്രാര്‍ഥനക്ക് മുന്തിയ പരിഗണനയുണ്ട്. സത്യ വിശ്വാസി അല്ലാഹുവോട് നിരന്തരം പ്രാര്‍ഥിച്ചു കൊണ്ടിരിക്കും. ചോദിക്കുന്നതനുസരിച്ച് അല്ലാഹുവിന് സന്തോഷം വര്‍ധിച്ചു കൊണ്ടിരിക്കും. മനുഷ്യനോട് ചോദിക്കുന്നതിനനുസരിച്ച് അവന്‍ വെറുക്കുകയും ചെയ്യും. ചോദിക്കാത്തവരോടാണ് അല്ലാഹുവിന് പ്രതിഷേധം.
ചോദിക്കുന്നതെല്ലാം വിവേചന ബോധമില്ലാതെ നല്‍കുക എന്നതല്ല. അല്ലാഹുവിന്റെ രീതി. സര്‍വകാര്യങ്ങളിലുമവന്‍ യുക്തി സഹമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അവക്ക് വിധേയമായി മാത്രമേ ലോകത്ത് എന്തും സംഭവിക്കൂ. അതിനാല്‍ പ്രാര്‍ഥനയോടൊപ്പം ക്ഷമയും അവധാനതയും ഉണ്ടാകേണ്ടതുണ്ട്.
പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും അത് ആരാധനയുടെ ഭാഗമായതിനാല്‍ നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല. എത്ര കാലമായി ഞാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങിയിട്ട്, ഇതു വരെ ഉത്തരം കിട്ടിയില്ല. എന്ന് നിരാശപ്പെടുന്നതിന് യാതൊരര്‍ഥവുമില്ല. കരുണാമയനായ അല്ലാഹുവോട് കാരുണ്യം തേടിയുള്ള വിശേഷാല്‍ പ്രാര്‍ഥനയുടെ പത്ത് നാളുകള്‍ വിട പറഞ്ഞു. ഇനി പാപ മോചനത്തിന്റെ പത്ത് ദിനങ്ങളും നരക മോചനത്തിന്റെ പത്തുമാണ്. വിശ്വാസിയുടെ വിജയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പ്രാര്‍ഥനയെന്നത് മറക്കരുത്. അല്ലാഹു നമ്മുടെ പ്രാര്‍ഥന സ്വീകരിക്കുമാറാകട്ടെ, ആമീന്‍.