Connect with us

International

അക്രമിയുടെ ഭാര്യക്ക് പങ്കെന്ന്; പ്രതിപ്പട്ടികയില്‍ ചേര്‍ത്തേക്കും

Published

|

Last Updated

ഉമര്‍ മതീനും ഭാര്യ നൂര്‍ സല്‍മാനും

ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോ നിശാക്ലബ്ബില്‍ കൂട്ടക്കൊല നടത്തിയ ഉമര്‍ മതീന്റെ ഭാര്യക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സൂചന. ഉമറിന്റെ ഭാര്യ നൂര്‍ സല്‍മാന് ആക്രമണ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ നൂര്‍ സല്‍മാനെതിരെ ഉടന്‍ കുറ്റം ചുമത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി നൂര്‍ സല്‍മാന്റെ പങ്ക് വിശദമായി പരിശോധിച്ചുവെന്നും എത്രയും വേഗം അവരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് സംബന്ധിച്ച് നൂറിന് ചില ധാരണകള്‍ ഉണ്ടായിരുന്നുവെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അംഗം കൂടിയായ യു എസ് സെനറ്റര്‍ ആംഗസ് കിംഗ് പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ ഒത്തു കൂടുന്ന പള്‍സ് ക്ലബ്ബില്‍ കടന്നു കയറിയ ഉമര്‍ മതീന്‍ തലങ്ങും വിലങ്ങും വെടിവെച്ചതില്‍ 49 പേരാണ് മരിച്ചു വീണത്. യു എസ് ചരിത്രത്തിലാദ്യമായാണ് ഒറ്റക്കൊലയാളി ഇത്രയും പേരെ വകവരുത്തുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട ഓപറേഷനൊടുവില്‍ പോലീസ് ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഉമര്‍ മതീന്‍ തങ്ങളുടെ കേഡറാണെന്ന് അവകാശപ്പെട്ട് ഇസില്‍ തീവ്രവാദികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ മുന്‍ സുരക്ഷാ ഗാര്‍ഡ് ആയ 29കാരന് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുമായി നേരിട്ട് ബന്ധമില്ലെന്ന നിലപാടാണ് പോലീസിനുള്ളത്.
സ്വയം തീവ്രവാദ ആശയങ്ങളില്‍ അകൃഷ്ടനായ ഉമര്‍ മതീന്‍ സ്വവര്‍ഗാനുരാഗത്തെ രൂക്ഷമായി എതിര്‍ത്തിരുന്നുവെന്നും ഏതെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചല്ല ഇയാള്‍ കൃത്യം നിര്‍വഹിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. രോഷാകുലനും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവനും അസ്ഥിരമായ മാനസികാവസ്ഥയുള്ളയാളുമെന്നാണ് വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രസിഡന്റ് ഒബാമ, ഉമര്‍ മതീനെ വിശേഷിപ്പിച്ചത്.
തന്നെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മാനസികമായ പ്രശ്‌നങ്ങളുള്ളയാളായിരുന്നു ഉമറെന്നും മുന്‍ ഭാര്യ സിതോറ യൂസുഫി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. നാല് മാസം മാത്രമാണ് താന്‍ ഉമറിനൊപ്പം കഴിഞ്ഞതെന്നും സിതോറ ഉദ്യോഗസ്ഥരോട് പറയുന്നു.

Latest