Connect with us

Kerala

അധികാര വികേന്ദ്രീകരണത്തിന്റെ സത്ത നശിപ്പിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിന്റെ സത്ത ഇല്ലാതാക്കാനുളള ഒരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗ്രാമപഞ്ചായത്തുകള്‍ പ്രാദേശിക സര്‍ക്കാരുകളാണ്. അവക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാകണം. അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുളള തടസങ്ങള്‍ നീക്കും. നടപടി ക്രമത്തിലുളള സങ്കീര്‍ണതകള്‍ ഇല്ലാതാക്കും. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഗ്രാമങ്ങളുടെ മുഖഃഛായ മാറ്റും. ഗ്രാമപഞ്ചായത്തുകള്‍ക്ക് ചെയ്യേണ്ട കാര്യങ്ങള്‍ അവിടെത്തന്നെ ചെയ്യണം. അതിന് സെക്രട്ടേറിയറ്റില്‍ എത്തേണ്ട കാര്യമില്ല. കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ ഉത്തരവാദിത്വവും ചുമതലകളുമുണ്ട്.
ഗ്രാമസഭകള്‍ ശക്തിപ്പെടുത്തണമെന്നും ഗ്രാമസഭകള്‍ക്ക് അതിന്റേതായ അധികാരം പൂര്‍ണതോതില്‍ ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ക്കുളള ഫണ്ട് 12 ഗഡുക്കളായി നല്‍കും. പഞ്ചായത്തുകള്‍ ഉത്പ്പാദന മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് പഞ്ചായത്തുകളും പി ടി എയും യോജിച്ച് പ്രവര്‍ത്തിക്കണം. ഓരോ സ്ഥലവും ശുചിയായിരിക്കണം. ഗ്രാമപഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ഫണ്ടിന്റെയും ജീവനക്കാരുടെയും കുറവ് ഗ്രാമപഞ്ചായത്തുകള്‍ക്കുണ്ട്. തനിക്കെന്താ കിട്ടുക എന്ന ചിന്ത ഉണ്ടാവരുത്. അങ്ങനെ ആഗ്രഹിക്കരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമസഭകളാണ് അധികാരവികേന്ദ്രീകരണത്തിന്റെ ശക്തിയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ ജി പി എ പ്രസിഡന്റ് അഡ്വ. കെ തുളസി ടീച്ചര്‍ അധ്യക്ഷയായിരുന്നു.

Latest