Connect with us

International

പാക് ഖവ്വാലി ഗായകന്‍ അംജദ് സാബ്‌രിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published

|

Last Updated

കറാച്ചി: തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക് ഖവ്വാലി ഗായകന്‍ അംജദ് സാബ്‌രിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട. കനത്ത സുരക്ഷാ വലയത്തില്‍ ആയിരങ്ങള്‍ സാബ്‌രിയുടെ വിലാപയാത്രയിലും ഖബറടക്കച്ചടങ്ങിലും പങ്കെടുത്തു. ഖബറടക്ക ചടങ്ങ് തീവ്രവാദികളുടെ കടന്നുകയറ്റത്തിനും ക്രൂരമായ ആക്രമണത്തിനുമെതിരായ പ്രതിഷേധമായി മാറി. അന്ത്യോപചാര ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരടക്കമുള്ളവര്‍ തീവ്രവാദി ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സാബ്‌രിക്കെതിരായ ആക്രമണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നവാസ് ശരീഫ് ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
അതിനിടെ, ബുധാനാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. ഇസ്‌ലാമിക നിന്ദ നടത്തുന്ന വ്യക്തിയാണ് സാബ്‌രിയെന്ന ആരോപണവും കൊലപാതകത്തിനുള്ള ന്യായീകരണമായി താലിബാന്‍ നേതൃത്വം മുന്നോട്ടുവെച്ചു. ഏറെ ആസൂത്രിതമായി നടന്നെന്ന് കരുതുന്ന ആക്രമണത്തില്‍ സാബ്‌രിയുടെ സഹോദരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
30 കുഴല്‍ പിസ്റ്റളുകളുമായി മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് പേര്‍ നടത്തിയ ആക്രമണത്തില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന സാബ്‌രിക്ക് നേരെ അഞ്ച് തവണ നിറയൊഴിച്ചിട്ടുണ്ട്. തലയില്‍ നിന്നടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെടിയുണ്ടകള്‍ പുറത്തെടുത്തിട്ടുണ്ട്.