Connect with us

Kerala

സിവില്‍ സര്‍വീസിനെ നവീകരിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വികസിത കേരളത്തിനായി സിവില്‍ സര്‍വീസിനെ അടിമുടി നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍ ജി ഒ യൂനിയന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച “അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്” എന്ന സംസ്ഥാനതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വീസിനെ നവീകരിക്കാന്‍ ഭരണപരിഷ്‌കാരം അനിവാര്യമാണ്. ഇ കെ നായനാരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണ പരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കും. ഭരണനിര്‍വഹണത്തിനുള്ള മാനുവല്‍ കാലോചിതമായി പരിഷ്‌കരിക്കും. ജില്ലയില്‍ പരിഹരിക്കാനുള്ള വിഷയങ്ങള്‍ സെക്രട്ടറിയേറ്റിലും മന്ത്രി ഓഫീസിലും എത്തുന്ന ഇന്നത്തെ രീതി മാറ്റണം. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തില്‍ ഇത്തരം നിരവധി അനുഭവങ്ങള്‍ കാണാന്‍ കഴിഞ്ഞു.
തലസ്ഥാനത്ത് എത്തേണ്ട ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ജനങ്ങള്‍ എത്തുന്നു. ഇതിന് മാറ്റം വന്നാല്‍ മാത്രമേ ഭരണത്തിന്റെ സ്വാദ് ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയൂ. അതിനായി വലിയ പുനഃക്രമീകരണം വരണം. അതിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരള മോഡലിന് പുതിയ ഉയരം നല്‍കാന്‍ ഇത്തരം മാറ്റം അനിവാര്യമാണ്.
നവ ഉദാരവത്കരണം ഭരണത്തിന്റെ ജനപക്ഷ നിലപാടിനെ ദോഷകരമായി ബാധിച്ചു. സര്‍ക്കാര്‍ ആവശ്യാനുസരണം ഇടപെടേണ്ട ഇടങ്ങളില്‍ അത് പരിമിതപ്പെട്ടു. സിവില്‍ സര്‍വീസിനെയാകെത്തന്നെ പരിമിതപ്പെടുത്താന്‍ ശ്രമമുണ്ടായി. സേവന, ക്ഷേമ മേഖലകളില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്മാറ്റം അതിന്റെ ഭാഗമാണ്. അത്തരം മേഖലകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടും. അതുവഴി വികസനത്തിലേക്ക് കുതിക്കും. ഇതാണ് ജനപക്ഷ ബദല്‍.
സിവില്‍ സര്‍വീസില്‍ ശാക്തീകരണം വേണം. അഴിമതിയും കെടുകാര്യസ്ഥതയും സിവില്‍ സര്‍വീസിനെ നന്നായി ബാധിച്ചു. അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല സിവില്‍ സര്‍വീസിന്റെ പ്രവര്‍ത്തനം. അഴിമതിക്കും കെടുകാര്യസ്ഥതക്കും കൂട്ടുനില്‍ക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സര്‍വീസ് സംഘടനകള്‍ക്കാവില്ല. സിവില്‍ സര്‍വീസിനെ നവീകരിക്കുന്ന കാര്യത്തില്‍ സര്‍വീസ് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
സര്‍ക്കാറിന്റെ സ്വഭാവം ജനങ്ങള്‍ മനസ്സിലാക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരിലൂടെയാണ്. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവരാണ് ജീവനക്കാര്‍. അവര്‍ സര്‍ക്കാറിനെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ വലിയ ഉത്തരവാദിത്വമാണ് ജീവനക്കാര്‍ക്കുള്ളത്. സേവനം കാലതാമസമില്ലാതെ ജനങ്ങളിലെത്തിക്കണം. നിയമവും ചട്ടവും വ്യാഖ്യാനിക്കേണ്ടത് ജനപക്ഷത്തുനിന്നാണ്. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണം. ആനുകൂല്യങ്ങള്‍ എങ്ങനെ നിഷേധിക്കാമെന്നല്ല ജീവനക്കാര്‍ ചിന്തിക്കേണ്ടത്. സുതാര്യത ഉറപ്പുവരുത്തണം. തീരുമാനമെടുക്കുന്നതില്‍ ഇന്നുള്ള പല തട്ടുകള്‍ കുറക്കണം. ഐടിയുടെ സാധ്യത ഭരണപരിഷ്‌കാരത്തിന് പരമാവധി ഉപയോഗിക്കണം.
കാലഹരണപ്പെട്ട ഫയല്‍നോട്ട സംവിധാനം മാറ്റണം. ചുവപ്പുനാടയിലൂടെയാണ് നീതിനിഷേധം അധികവും നടക്കുന്നത്. ഇതിന് അനുഭവസ്ഥര്‍ ധാരാളമുണ്ട്. ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കണം. അഴിമതിയടക്കമുള്ള സാമൂഹിക തിന്മകള്‍ നടത്തുന്നത് ജീവനക്കാരില്‍ ന്യൂനപക്ഷമാണ്. എന്നാല്‍ സര്‍വീസിലുള്ളവരെല്ലാം അതിന്റെ ദുഷ്‌പേര് കേള്‍ക്കുന്നു.
ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാനാണ് സിവില്‍ സര്‍വീസ്. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ മോശമല്ല. എന്നാല്‍ ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ല. ഇത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. ഇതിനെ എതിര്‍ക്കാതെ കണ്ണടക്കുന്നതാണ് ഇന്ന് കാണുന്നത്. ഇത് മാറണം. ഇത്തരം ദുര്‍വൃത്തികളെ ജീവനക്കാര്‍ തന്നെ എതിര്‍ക്കണം. ആദ്യഘട്ടത്തില്‍ അത്തരക്കാരെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണം. ആവര്‍ത്തിച്ചാല്‍ അതിനെ എതിര്‍ക്കുകയും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. മാറാന്‍ തയ്യാറല്ലാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും.
ജീവനക്കാര്‍ ഉത്തമവിശ്വാസത്തോടെ നിയമാനുസൃതമായി ചെയ്യുന്ന ഏത് കാര്യത്തിനും സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest