Connect with us

Kerala

മദ്യനയം: സര്‍ക്കാര്‍ ഹിതപരിശോധനക്ക് തയ്യാറാകുമോയെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: മദ്യനയ രൂപവത്കരണത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സത്യസന്ധമായ ഹിതപരിശോധനക്ക് തയ്യാറാകുമോയെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍.
സ്വാര്‍ഥ, തത്പരകക്ഷികളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ കൃത്യമായ അജന്‍ഡയും മാര്‍ഗ നിര്‍ദേശങ്ങളും തയ്യാറാക്കി മദ്യവര്‍ജനം വേണമോ മദ്യനിരോധം വേണമോ എന്ന ഒറ്റ അജന്‍ഡ വെച്ച് ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും സുധീരന്‍ ചോദിച്ചു.
മദ്യലോബിയുമായി സംയുക്തമായി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മദ്യനയ രൂപവത്കരണത്തില്‍ ജനാഭിപ്രായം തേടുമെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ പറയുന്നത്. മദ്യലോബിയുമായി അവിശുദ്ധ ബന്ധമാണ് സി പി എമ്മിനുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ മദ്യലോബിയുമായി ധാരണയിലെത്തി ചില ഉറപ്പുകള്‍ നല്‍കി. അത് നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ മദ്യനയത്തിന്റെ ശ്രമം. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സി പി എമ്മിന്റെ ഈ നിലപാടിനെ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാന ഘടകത്തിന്റെ സമര്‍ദത്തിന് വഴങ്ങി യെച്ചൂരിക്ക് തീരുമാനം മാറ്റേണ്ടി വന്നു.
യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തിന് ഗുണഫലങ്ങളില്ല എന്ന വ്യാജപ്രചാരണം സി പി എമ്മിന്റെ ഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുന്നു. സര്‍ക്കാറിന്റ നയപ്രഖ്യപന വേളയില്‍ പോലും ഗവര്‍ണറെക്കൊണ്ട് അത് പറയിപ്പിക്കുകയും ചെയ്തു. എന്നാല്‍ യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തിന്റെ ഗുണഫലം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സുധീരന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest