Connect with us

Gulf

പതിനെട്ട് മാസത്തിനകം അഞ്ച് ആശുപത്രികള്‍

Published

|

Last Updated

ദോഹ: അടുത്ത പതിനെട്ട് മാസത്തിനകം രാജ്യത്ത് ആരംഭിക്കുന്ന നൂതന ആരോഗ്യരക്ഷാ സൗകര്യങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മൂന്നാം ഘട്ട ആശുപത്രികള്‍. അഞ്ച് പ്രധാന ആശുപത്രികള്‍ തുറന്ന് വിപുലീകരണം നടത്താനാണ് എച്ച് എം സി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്കും നൂറുകണക്കിന് ബെഡുകള്‍ രാജ്യത്ത് അധികം ലഭ്യമാകും.
കമ്യൂനിക്കബിള്‍ ഡിസീസ് സെന്റര്‍, ഖത്വര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, വിമന്‍സ് വെല്‍നസ്സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ആംബുലേറ്ററി കെയര്‍ സെന്റര്‍, ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹോസ്പിറ്റില്‍ തുടങ്ങിയവയാണ് പുതുതായി ആരംഭിക്കുന്നത്. സമയബന്ധിതമായും കാര്യക്ഷമമായും പ്രത്യേക ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നവയായിരിക്കും ഇവയെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്‌ലമാനി പറഞ്ഞു. പ്രതിവര്‍ഷം 15000 ജനനങ്ങള്‍ക്ക് സൗകര്യമുള്ള തരത്തിലാണ് വിമന്‍സ് വെല്‍നസ്സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. രാജ്യത്തെ മറ്റ് ആശുപത്രികളില്‍ ലഭ്യമല്ലാത്ത സേവനങ്ങളാണ് ഇവ നല്‍കുക. ജനറല്‍ ആശുപത്രി, സ്ത്രീകളുടെ ആശുപത്രി, ഹൃദയാശുപത്രി, നാഷനല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് എന്നീ നാല് ടെര്‍ഷ്യറി ആശുപത്രികളാണ് എച്ച് എം സിക്ക് കീഴില്‍ ഇപ്പോഴുള്ളത്. ജനറല്‍ ആശുപത്രികളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും നല്‍കാത്ത സേവനങ്ങളാണ് ഇവ നല്‍കുന്നത്.
രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചതിനാല്‍ ജനറല്‍ ആശുപത്രിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അല്‍ വക്‌റ, ദുഖാന്‍, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ ജനറല്‍ ആശുപത്രികള്‍ വന്നതിനാല്‍ സ്ത്രീകളുടെ ആശുപത്രിയില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. മാതൃപരിചരണം ദോഹക്ക് പുറത്തുള്ള ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിച്ചത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മേഖലയിലെ ആദ്യ സൈബര്‍നൈഫ് സ്യൂട്ട്, കാന്‍സര്‍ സെന്ററില്‍ തുടങ്ങിയത് അര്‍ബുദ രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. ഹൃദയാശുപത്രിയിലെ അഡ്വാന്‍സ്ഡ് ഹേര്‍ട്ട് ഫെയ്‌ലര്‍ ക്ലിനിക്കും ചികിത്സ കൂടുതല്‍ കാര്യക്ഷമമാക്കി.

Latest