Connect with us

Kozhikode

'ബംഗ്ലാദേശ് പെണ്‍കുട്ടികളെ തിരിച്ചയക്കണം'

Published

|

Last Updated

കോഴിക്കോട്: ലൈംഗിക പീഡനത്തിനിരയായി ഏഴ് വര്‍ഷമായി കോഴിക്കോട് സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ കഴിയുന്ന നാല് ബംഗ്ലാദേശി പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ അംഗം പി മോഹനദാസ് ഉത്തരവിട്ടു. നാല് പേരുടെയും യാത്രാ കാലാവധി അവസാനിക്കുന്ന 2016 സെപ്തംബര്‍ 15 ന് മുമ്പായി അയക്കണണം, ഇവരെ മോചിപ്പിക്കുന്നതിന് കോടതി ഉത്തരവ് ആവശ്യമാണെങ്കില്‍ അത് നിയമാനുസരണം നേടിയെടുക്കണമെന്ന് കമ്മീഷന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. നടപടികള്‍ സ്വീകരിച്ച ശേഷം മലപ്പുറം ജില്ലാകളക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്നുമാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
ഇവരെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയ പ്രതികളില്‍ ചിലരെ ഇനിയും കണ്ടെത്താത്തതിനാല്‍ കേസിന്റെ വിചാരണ തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നെങ്കിലും പ്രതികളെ കണ്ടെത്തുമ്പോള്‍ വിചാരണ നടത്തുന്നതിനു വേണ്ടിയാണ് പെണ്‍കുട്ടികളെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത് സംസ്‌കാര സമ്പന്നമെന്ന് വിശ്വസിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് നാണക്കേടാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്, പെണ്‍കുട്ടികള്‍ ഒരു ക്രിമിനല്‍ കേസിലും പ്രതികളല്ലെന്നും പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പ്രതികളെ പിടികൂടുമ്പോള്‍ പെണ്‍കുട്ടികളെ ഹാജരാക്കാമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി വിചാരണകള്‍ നടക്കുന്ന ഇക്കാലത്ത് പൊലീസിന്റെ ന്യായം വിചിത്രമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

Latest