Connect with us

Editorial

ആ മോരിന്റെ പുളി ഇപ്പോഴും നുണയുന്നവര്‍

Published

|

Last Updated

മൈസുരുവിലെ ഒരു വിവാഹം രാജ്യത്തെ ചില മാധ്യമങ്ങള്‍ക്ക് മഹാസംഭവമായിരുന്നു. മൈസൂരു അംബ വിലാസ് കൊട്ടാരത്തിലെ നിലവിലെ അവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറും രാജസ്ഥാനിലെ ദുംഖാപൂര്‍ രാജകുടുംബത്തിലെ ത്രിഷികയും തമ്മിലുള്ള വിവാഹം ദിവസങ്ങളായി ഈ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. രാജകുമാരിയുടെ സാരിയുടെയും ആഭരങ്ങളുടെയും വര്‍ണനകളും രാജകുമാരന്റെ ചനലങ്ങളും മുഖഭാവങ്ങളുമുള്‍പ്പെടെ വിവാഹ ചടങ്ങിലെ ഓരോ നിമിഷങ്ങളും കാഴ്ചകളും ഒപ്പിയെടുത്ത് പൊടിപ്പും തൊങ്ങലും വെച്ചു വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും അവര്‍ വിളമ്പി.
രാജ്യം വൈദേശിക ഭരണത്തില്‍ നിന്ന് മോചിതമാകുകയും രാജഭരണങ്ങള്‍ തുടച്ചുനീക്കപ്പെടുകയും ചെയ്‌തെങ്കിലും പഴയ രാജകുടുംബങ്ങളോടുള്ള ഭക്തിയും അതിരുകടന്ന ആദരവും പലരിലും ഇന്നും നിലനില്‍ക്കുന്നു. പ്രജകളെ ചൂഷണം ചെയ്തും കൊന്നും കൊലവിളിച്ചുമാണ് പല രാജാക്കന്മാരും നാട് വാണിരുന്നതെങ്കിലും അതൊക്കെ അവരുടെ അവകാശമെന്ന് കരുതുകയും ആ “നല്ല” നാളുകളെ മനസ്സില്‍ താലോലിക്കുകയും ചെയ്യുന്നു അക്കൂട്ടര്‍. സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ബലത്തില്‍ കൊളോണിയല്‍ സംരക്ഷണത്തിലായി സുഖമായി വാണവരുടെ പിന്മുറക്കാര്‍ക്ക് ജനാധിപത്യ സ്വതന്ത്ര ഭാരതത്തില്‍ സവിശേഷമായ എന്ത് ഇടമാണുള്ളത്? എന്നിട്ടും അവരെ ഇന്നും പൂവിട്ടു പൂജിക്കുന്ന സംസ്‌കാരത്തിന് നമ്മുടെ മാധ്യമങ്ങള്‍ വളമിട്ടു കൊടുക്കുന്നതിന്റെ പൊരുളാണ് മനസ്സിലാകാത്തത്. രാജഭരണമവസാനിച്ചിട്ട് പതിറ്റാണ്ടുകളായി. ഇന്ത്യയിലെവിടെയും ഇപ്പോള്‍ രാജാധിപത്യത്തിന്റെ അവശിഷ്ടം നിലനില്‍ക്കുന്നില്ല. എന്നിട്ടും പലരുടെയും മനസ്സില്‍ ഇപ്പോഴും രാജഭക്തി കത്തിനില്‍ക്കുകയാണ്. രാജകുടുംബാംഗങ്ങള്‍ മരിച്ചാല്‍ “തീപ്പെട്ടു” എന്നാണ് ഇപ്പോഴും പല മലയാള പത്രങ്ങളും വാര്‍ത്ത കൊടുക്കാറ്. മലയാളത്തിലെ ഒരു പത്രം ഡയാന രാജകുമാരിയുടെ പ്രസവ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ലണ്ടനിലേക്ക് പ്രത്യേക പ്രതിനിധിയെ അയച്ച സംഭവം ഇവിടെ സ്മരിക്കപ്പെടേണ്ടതാണ്.
തിരുവിതാംകൂര്‍ രാജകുടുംബം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സമ്പത്തിന് മേല്‍ ഉന്നയിക്കുന്ന അവകാശവാദത്തെ ചോദ്യം ചെയ്യുകയും ക്ഷേത്രസ്വത്ത് രാജകുടുംബാങ്ങള്‍ കട്ടുകടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തതിന്റെ പേരില്‍ വി എസ് അച്യുതാനന്ദനെ പലരും വിമര്‍ശിച്ചത് ഈ ബോധം പേറുന്നതുകൊണ്ടാണ്. നിലവറകളില്‍ നിന്ന് നഷ്ടപ്പെട്ട സ്വത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അമിക്കസ്‌ക്യൂറി നിരത്തിയപ്പോഴാണ് ഇവര്‍ നിശ്ശബ്ദരായത്. ഉന്നത ജാതീയരായിരുന്ന നാടുവാഴികള്‍ “താഴ്ന്ന” ജാതിക്കാരെ പിഴിഞ്ഞുണ്ടാക്കിയതാണ് തങ്ങളുടെ സമ്പത്തുകളെന്ന് സത്യസന്ധമായ ചരിത്രം രേഖപ്പെടുത്തുന്നു. എന്തെങ്കിലും കാരണം പറഞ്ഞു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തുക എന്നതായിരുന്നു അന്നത്തെ നാടുവാഴികളുടെ ഒരേയൊരു വരുമാനമാര്‍ഗമെന്ന് എ ശ്രീധരമേനോന്‍ രേഖപ്പെടുത്തുന്നുണ്ട്. താണ ജാതിക്കാരുടെ ചെറ്റക്കുടിലുകള്‍, പണിയായുധങ്ങളായ ചക്ക്, തറി, വള്ളം, വല, വണ്ടി എന്നിവക്കെല്ലാം നികതുയേര്‍പ്പെടുത്തിയിരുന്നുവത്രെ. അതേ സമയം ഉയര്‍ന്ന ജാതിക്കാല്‍ നികുതികളില്‍ നിന്നെല്ലാം ഒഴിവാക്കുകയും ചെയ്തു. ഭരണം ജനന്മക്കായി അര്‍പ്പിക്കുകയും കോളോണിയന്‍ അധിനിവേഷത്തിനെതിരെ അവസാന നിമിഷം വരെ പൊരുതി മരിക്കുകയും ചെയ്ത ഭരണാധികാരികളെ ഇവിടെ വിസമരിക്കുന്നില്ല. അവര്‍ ഇന്നും എന്നും ആദരവ് അര്‍ഹിക്കുന്നവരാണ്.
പ്രജകളെ മറന്നു സ്വന്തം സുഖസൗകര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ബ്രിട്ടിഷ് സംരക്ഷണത്തിലാണ് കൊളോണിയല്‍ കാലഘട്ടത്തിലെ മിക്ക രാജകുടുംബങ്ങളും ജീവിച്ചിരുന്നത്. മഹാരാജാവ് എന്ന സ്ഥാനം അനുവദിച്ചുകിട്ടാന്‍ നാടിന്റെ സ്വത്ത് ബ്രട്ടിഷുകാര്‍ക്ക് തീറെഴുതിക്കൊടുത്തവര്‍ വരെയുണ്ട് ഇവരുടെ ഗണത്തില്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഭരണം കൈവിട്ടുപോകാതിരിക്കാന്‍ എല്ലാ അടവുകളും ഇവര്‍ പയറ്റിനോക്കിയതാണ്. അത് ഫലിക്കാതെ വരികയും നാട് ജനാധിപത്യ ഭരണകൂടങ്ങള്‍ വിട്ടുകൊടുക്കേണ്ടിവരികയും ചെയ്തപ്പോള്‍, പൊതുനന്മക്കായി സ്വയംവിട്ടുകൊടുത്ത മഹാമനസ്‌ക്കരായി അവര്‍ സ്വയം വാഴ്ത്തുകയും സ്വന്തം “ചരിത്രകാരന്മരെ” കൊണ്ട് ആ വിധം ചരിത്രം എഴുതിപ്പിക്കുകയും ചെയ്തു. എന്നിട്ടും രാജകുടുംബത്തിന്റെ പ്രതേക സ്ഥാനവും പ്രിവിപേഴ്‌സ് എന്ന പേരില്‍ വന്‍ തുകയും പിന്നെയും വര്‍ഷങ്ങളോളം അവര്‍ കൈപറ്റിവന്നു. ഇന്ദിരാ ഗാന്ധി പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയപ്പോള്‍ അത് പുനഃസ്ഥാപിച്ചു കിട്ടാന്‍ കോടതി കയറുകയും ചെയ്തു. രാജാക്കന്മാരുടെ സമ്മാനങ്ങളും പ്രീതിയും മോഹിച്ചു കൊട്ടാരത്തിലെ ആസ്ഥാന ചരിത്രകാരന്മാര്‍ രചിച്ച വാഴ്ത്തിപ്പാടലുകളാണ് ഇന്നും അവരുടെ ചരിത്രമായി പ്രചരിപ്പിക്കുന്നത്. പഴയ രാജകുടുംബങ്ങളിലെ ഇന്നത്തെ തലമുറ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാറിയിട്ടും തിരുവിതാംകൂറിലെ രാജകുടുംബാംഗങ്ങള്‍ക്ക് ചിലര്‍ അപ്രമാദിത്വം കല്‍പിക്കുന്നതിന്റെ കാരണം ഇത്തരം നിര്‍മിത ചരിത്ര കഥകളായിരിക്കണം. ഏതായാലും രാജഭരണം “തീപ്പെട്ട്” വര്‍ഷങ്ങളായിട്ടും അതിന്റെ പുളി നുണഞ്ഞു നടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.