Connect with us

Kerala

കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണം: കാന്തപുരം

Published

|

Last Updated

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള വികസനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ കാന്തപുരം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഹാജിമാര്‍ക്കുണ്ടാകുന്ന പ്രയാസം സര്‍ക്കാര്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റണ്‍വേ വികസനവും അറ്റകുറ്റപണിയും കാരണം കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചപ്പോഴാണ് ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ആ ഘട്ടത്തില്‍ തടസ്സപ്പെട്ടിരുന്നു. ഈ തടസ്സം നീങ്ങിയ സാഹചര്യത്തില്‍ ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് തന്നെ മാറ്റണം. ഹജജ് യാത്രകര്‍ കൂടുതലും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇതെല്ലാം കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
കെട്ടിട നിര്‍മാണ ചട്ടങ്ങളെല്ലാം പാലിച്ച് നിര്‍മിക്കുന്ന ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം ഇതര സംസ്ഥാനങ്ങളിലേത് പോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കാന്തപുരത്തിന് പുറമെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Latest