Connect with us

Kerala

ബജറ്റ് പ്രഖ്യാപനം: കുടുംബശ്രീക്ക് ജീവന്‍ വെക്കുന്നു

Published

|

Last Updated

കോഴിക്കോട്:കുടുംബശ്രീക്ക് ഇനി പുനര്‍ജന്മം. തകര്‍ച്ചയില്‍ നിന്ന് കുടംബശ്രീയെ കൈ പിടിച്ചുയര്‍ത്താന്‍ സഹായകരമാകുന്നതാണ് പുതിയ ബജറ്റിലെ പ്രഖ്യാപനം. കുടുംബശ്രീക്ക് ധന മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ 200 കോടി രൂപയാണ് അനുവദിച്ചത്. നാല് ശതമാനം പലിശക്ക് വായ്പ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനായി 50 കോടിയാണ് നീക്കിവെച്ചത്. യു ഡി എഫ് സര്‍ക്കാര്‍ കുടംബശ്രീയുടെ ബജറ്റ് വിഹിതം 100 കോടി രൂപയായി കുറച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം ആകെ 328.45 കോടിയാണ് സര്‍ക്കാര്‍ കുടുംബശ്രീക്ക് അനുവദിച്ചത്. ലഭിച്ചതാകട്ടെ 215 കോടിയും. ഇതോടെയാണ് കുടംബശ്രീക്ക് പ്രതിസന്ധി തുടങ്ങിയതും. 2013-14ല്‍ 70 കോടി രൂപ മാത്രമേ യഥാര്‍ഥത്തില്‍ നല്‍കിയുള്ളൂ.

2014-15ല്‍ നവംബര്‍ വരെ 25 കോടി രൂപ മാത്രമേ കൈമാറിയുളളൂ. മാര്‍ച്ച് മാസത്തില്‍ മറ്റൊരു 25 കോടി കൂടി നല്‍കി. മാര്‍ച്ചില്‍ ലഭിച്ച പണം കൊണ്ടാണ് നടപ്പ്‌വര്‍ഷത്തെ ചെലവുകള്‍ ഇതുവരെ നടന്നത്. നടപ്പ് വര്‍ഷത്തില്‍ ഇതുവരെ ഒരു പണവും കുടുംബശ്രീക്കു നല്‍കിയില്ല. പണമില്ലാത്തതു കൊണ്ട് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലായിരുന്നു. കുടുംബശ്രീ സംരംഭകര്‍ക്കുളള ആനുകൂല്യങ്ങളൊന്നും നല്‍കാനും സാധിച്ചില്ല. ബേങ്ക് ലിങ്കേജിന്റെ ഭാഗമായി നല്‍കേണ്ട മാച്ചിംഗ് ഗ്രാന്റുകള്‍ നല്‍കിയിട്ടേയില്ല. സി ഡി എസുകള്‍ക്കും എ ഡി എസുകള്‍ക്കും നല്‍കേണ്ട പരിശീലനങ്ങള്‍, സംരംഭകര്‍ക്കുളള പരിശീലനങ്ങള്‍ എന്നിവ മിഷനില്‍ പണമില്ലാത്തതിനാല്‍ നിര്‍ത്തിവെച്ചിരുന്നു.

മാച്ചിംഗ് ഗ്രാന്റ് ഇനത്തില്‍ 5.5 കോടിയും പലിശ സബ്‌സിഡി ഇനത്തില്‍ 11 കോടിയും സംഘകൃഷിക്കുളള ആനൂകൂല്യ ഇനത്തില്‍ 9.5 കോടിയും സംരംഭകര്‍ക്ക് നല്‍കേണ്ട സബ്‌സിഡിയായി എട്ട് കോടിയും അക്കൗണ്ടന്റുമാരുടെയും സിഡി എസ് ചെയര്‍പേഴ്‌സണ്‍മാരുടെയും ശമ്പളയിനത്തില്‍ 2.5 കോടിയും സി ഡി എസുകളുടെ ഭരണനിര്‍വഹണ ഗ്രാന്റായി 2.6 കോടി രൂപയും നല്‍കാനുണ്ടായിരുന്നു, ഏകദേശം 39 കോടിയോളം രൂപ പലയിനങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിക്കാനുണ്ട്. മിഷന്‍ ജീവനക്കാര്‍ക്കും സി ഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും ശമ്പളവും ഓണറേറിയവും മുടങ്ങിയിരുന്നു.

അതുകൊണ്ടു തന്നെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കാര്യമായ ഒരു പ്രവര്‍ത്തനവും ചെയ്യാനും സാധിച്ചില്ല. ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട കുടുംബശ്രീയുടെ ദരിദ്രവത്കരണമാണ് യു ഡി എഫ് ഭരണ കാലത്ത് നടന്നതെന്ന് പരാതിയുയര്‍ന്നിരുന്നു. ലഭിക്കുന്ന പരിമിതമായ പണത്തിന്റെ നല്ല ഭാഗവും അഴിമതിയിലൂടെ ചോരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ജനശ്രീയെ സഹായിക്കാന്‍ കുടുംബശ്രീയെ തകര്‍ക്കുകയാണെന്നായിരുന്നു ഇടത് മുന്നണിയുടെ ഉള്‍പ്പെടെ ആരോപണം. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് കുടുംബശ്രീ ആവിഷ്‌കരിക്കപ്പെട്ടത്.

Latest