Connect with us

Kerala

കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ കൊലപ്പെടുത്തിയതിലെ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനരാജിനെ 10 ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തേക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്ന് ചൂണ്ടിക്കാട്ടി കെ. മുരളീധരന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.  കേരളത്തിലെ പൊലീസിന്റെ മനോവീര്യം നഷ്ടമായെന്ന് കെ.മുരളീധരന്‍ ആരോപിച്ചു. കൊലയ്ക്കുപിന്നില്‍ കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ കഴമ്പില്ലെന്നും പിണറായി പറഞ്ഞു.

ധനരാജിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നിലാരാണെന്ന് വ്യക്തമാക്കിയില്ല.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ധനരാജ് കൊല്ലപ്പെട്ടത്. കുന്നരുവില്‍ നിന്ന് ബൈക്കില്‍ വീട്ടിലെത്തിയ ധനരാജിനെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടുമുറ്റത്ത് വെട്ടിവീഴ്ത്തുകയായിരുന്നു. വീടിന്റെ പിറകുവശത്തേക്ക് ഓടിയ ധനരാജിനെ പിന്തുടര്‍ന്ന സംഘം വെട്ടി വീട്ടുപറമ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ഈ സംഭവത്തിനു തുടര്‍ച്ചയായാണ് രാത്രി 12.45 ഓടെ പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറെക്കരയില്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ 30 ഓളം വരുന്ന സംഘം വീട്ടില്‍ കയറി ഭാര്യയുടെയും ഭാര്യാപിതാവിന്റെയും മുന്നില്‍ വെച്ച് രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.