Connect with us

Gulf

അബുദാബിയെ നിരീക്ഷിക്കാന്‍ ആയിരക്കണക്കിന് സി സി ടി വി ക്യാമറകള്‍

Published

|

Last Updated

അബുദാബിയില്‍ റോഡരികില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലൊന്ന്

അബുദാബി: അബുദാബി നഗരത്തെ നിരീക്ഷിക്കാന്‍ നിരവധി പുതിയ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു. നഗരം സമഗ്ര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനാണ് പുതിയ സംവിധാനമായ “ഫാല്‍കണ്‍ ഐ” ഒരുക്കുന്നത്. ഇനിമുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, വിവിധ ദ്വീപുകള്‍, ബനിയാസ്, മുസഫ്ഫ എന്നിവ “ഫാല്‍കണ്‍ ഐ” നിരീക്ഷണ സംവിധാനത്തിന് കീഴില്‍ വരും.
ഗതാഗത നിയന്ത്രണത്തിനും അനധികൃത പാര്‍കിംഗ്, റോഡുകളുടെ ദുരുപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടത്തെുന്നതിനും സംവിധാനം സഹായിക്കും. നഗരത്തിന്റെ വൃത്തിയും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും നിരീക്ഷിക്കാന്‍ സാധിക്കും.
ആത്മവിശ്വാസവും സുരക്ഷിതത്വവുമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന അബുദാബി ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഫാല്‍കണ്‍ ഐ സംവിധാനം കൊണ്ടുവരുന്നതെന്ന് അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പറഞ്ഞു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അബുദാബി നിരീക്ഷണ-നിയന്ത്രണ കേന്ദ്രം (എ ഡി എം സി സി) ആണ് സംവിധാനം കൊണ്ടുവരുന്നത്. സംവിധാനത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കാമറകള്‍ സ്ഥാപിക്കും. ഇവയില്‍നിന്നും നേരത്തെ സ്ഥാപിച്ചിട്ടുള്ള ആയിരക്കണക്കിന് കാമറകളില്‍നിന്നും വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ എളുപ്പത്തില്‍ അധികൃതരെ സഹായിക്കുന്നതാണ് സംവിധാനം. സ്മാര്‍ട് സംവിധാനങ്ങളുപയോഗിച്ച് മുന്നറിയിപ്പ് നല്‍കാനും വാഹനാപകടങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്താനും സുരക്ഷാ കേന്ദ്രങ്ങളെ സഹായിക്കുന്നു.

Latest