Connect with us

Kerala

പെന്‍ഷന്‍ ധനസഹായം; കെ.എസ്.ആര്‍.ടി.സിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

Published

|

Last Updated

തിരുവനന്തപുരം:പെന്‍ഷന്‍ നല്‍കാന്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. നിലവിലുള്ള വിഹിതത്തില്‍ കൂടുതല്‍ തുക നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കുന്നതിന് കൂടുതല്‍ ധനസഹായം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയാണ് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കത്ത് നല്‍കിയത്. പ്രവര്‍ത്തന മൂലധനത്തിനായി അടിക്കടി സര്‍ക്കാരിനെ സമീപിക്കരുതെന്നും പെന്‍ഷന്‍ നല്‍കാന്‍ കോര്‍പസ് ഫണ്ട് അടിയന്തരമായി രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. കോര്‍പ്പറേഷന്‍ വിഹിതമായ 20 കോടി രൂപ ട്രഷറിയില്‍ അടച്ചുവെങ്കിലും തുല്യമായ തുകയ്ക്കുള്ള സര്‍ക്കാര്‍ വിഹിതം മുടങ്ങിയിരിക്കുകയാണ്. മൊത്തം പെന്‍ഷന്‍ കൊടുക്കാന്‍ 55 കോടി രൂപ ആവശ്യമാണ്. അധിക തുക കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിച്ചിട്ടില്ല.

മുടങ്ങാതെ പെന്‍ഷന്‍ നല്‍കുന്നതിന് മാസം തോറും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രതിമാസം 85 കോടി രൂപ നഷ്ടം സഹിച്ചാണ് കെ.എസ്.ആര്‍.ടി.സി മുന്നോട്ട് പോകുന്നത്. അഞ്ച് വര്‍ഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറാനിരിക്കെ 3446.92 കോടി രൂപയാണ് കോര്‍പ്പറേഷന്റെ കടബാധ്യത. ഇത് കുറയ്ക്കാനുള്ള ധനകാര്യ പുനഃസംഘടനയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു.