Connect with us

International

സ്വകാര്യ ഇ മെയില്‍ പുറത്തുവിട്ടു: വിക്കിലീക്‌സ് വെബ്‌സൈറ്റിന് തുര്‍ക്കിയില്‍ നിരോധം

Published

|

Last Updated

അങ്കാറ: തുര്‍ക്കിയില്‍ ഭരണകക്ഷിയായ എ കെ പാര്‍ട്ടിയുടേതുള്‍പ്പെടെ പതിനായിരക്കണക്കിന് സ്വകാര്യ ഇ മെയിലുകള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് വിക്കിലീക്‌സ് വെബ്‌സൈറ്റിന് രാജ്യത്ത് ബ്ലോക്ക് ഏര്‍പ്പെടുത്തി. എ കെ പാര്‍ട്ടിയുടെ പാര്‍ലിമെന്റ് അംഗങ്ങളുടെ നിലവിലെ ഫോണ്‍ നമ്പറടക്കം പതിനായിരക്കണക്കിന് ഇ മെയിലുകള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് തുര്‍ക്കിയുടെ ഇന്റര്‍നെറ്റ് വാച്ച്‌ഡോഗായ ടി ഐ ബി ഇന്നലെ സൈറ്റ് ബ്ലോക്ക് ചെയ്തത്. അതേ സമയം കൂടുതല്‍ ഇ മെയിലുകളും ഫയലുകളും ഉടന്‍തന്നെ പ്രസിദ്ധീകരിക്കുമെന്ന് വിക്കിലീക്‌സ് പറഞ്ഞു. തുര്‍ക്കിയില്‍ ഏറെ വൈകാരികമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണകക്ഷി പാര്‍ട്ടിയുടെ ഇ മെയില്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം വിമത സൈനികര്‍ നടത്തിയ അട്ടിമറി ശ്രമത്തില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും സൈനികരും അറസ്റ്റിലായിരുന്നു. ഏകദേശം 8,000ത്തോളം പേരെയാണ് സര്‍ക്കാര്‍ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. എം പിമാരുടേതുള്‍പ്പെടെയുള്ള ഫോണ്‍ നമ്പറുകളും സ്വകാര്യ വിഷയങ്ങളും പ്രസിദ്ധീകരിച്ചതിനാണ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇ മെയിലുകള്‍ പ്രസിദ്ധീകരിച്ചതിനെതിരെ എ കെ പാര്‍ട്ടിയുടെ പാര്‍ലിമെന്റ് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.

Latest