Connect with us

Kozhikode

ജില്ലയിലെ ആദ്യ ഗ്രാമന്യായാലയം താമരശ്ശേരിയില്‍ യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ ആദ്യ ഗ്രാമന്യായാലയം താമരശ്ശേരിയില്‍ യാഥാര്‍ഥ്യമാകുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് “നീതി വിട്ടുപടിക്കല്‍” എന്ന ലക്ഷ്യത്തോടെ പാര്‍ലിമെന്റ് പാസാക്കിയ 2008ലെ ഗ്രാമ ന്യായാലയ ആക്ട് അനുസരിച്ചാണ് ഇത് സ്ഥാപിക്കുന്നത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം 23 ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ കോടതികളുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജ് ആന്റണി ഡൊമിനിക്ക് നിര്‍വ്വഹിക്കും. എം കെ രാഘവന്‍ എം പി, കാരാട്ട് റസാക്ക് എം എല്‍ എ മുഖ്യാതിഥികളാമെന്ന് ജില്ലാ & സെഷന്‍സ് ജഡ്ജ് ടി എസ് പി മൂസത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താമരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, കൂടരഞ്ഞി, മടവൂര്‍, ഓമശ്ശേരി, പുതുപ്പാടി എന്നിങ്ങനെ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് താമരശ്ശേരി ഗ്രാമ ന്യായാലയത്തിന്റെ അധികാര പരിധിയില്‍ വരുന്നത്. ഇതിനകം തന്നെ ഗാര്‍ഹിക അക്രമം സംബന്ധിച്ച 67 കേസുകള്‍ ഗ്രാമന്യായാലയത്തിന്റെ പരിഗണനക്കായി കൈമാറിക്കഴിഞ്ഞു. കേസിലെ കക്ഷികള്‍ക്ക് പിന്നീട് നോട്ടീസ് അയക്കും. മുന്‍കൂട്ടി തയ്യാറാക്കിയ സമയക്രമ പ്രകാരം ഗ്രാമതലങ്ങളില്‍ സിറ്റിംഗ് നടത്തുന്ന സിവില്‍, ക്രിമിനല്‍, കുടുംബ കോടതികളായാണ് ഗ്രാമ ന്യായാലയം പ്രവര്‍ത്തിക്കുക. സിറ്റിംഗ് ഓഫിസുകള്‍ അതാത് പഞ്ചായത്തുകള്‍ ഒരുക്കേണ്ടതുണ്ട്.
താമരശ്ശേരി ഗ്രാമന്യായാലയത്തിലേക്ക് ഇതിനകം തന്നെ ഒമ്പത് കോടതി ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചുകഴിഞ്ഞു. മുന്‍സിഫ്മജിസ്‌ട്രേറ്റ് പദവിയിലുള്ള ഗ്രാമാലയങ്ങളിലെ ന്യായാധിപന്‍ “ന്യായാധികാരി” എന്ന ഉദ്യോഗപ്പേരിലാണ് അറിയപ്പെടുക. ജൂനിയര്‍ സൂപ്രണ്ട് തലത്തിലുള്ള ഒരു സെക്രട്ടറി, മൂന്ന് ക്ലര്‍ക്ക്, ഒരു സ്‌റ്റെനോഗ്രാഫര്‍, ഒരു ആമീന്‍, നാല് പ്രൊസസര്‍മാര്‍, ഒരു െ്രെഡവര്‍, ഒരു സ്വീപ്പര്‍ എന്നിങ്ങനെയാണ് ഗ്രാമ ന്യായാലയങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങള്‍, ഇരുപതിനായിരം രൂപയില്‍ കവിയാത്ത മൂല്യമുള്ള വസ്തുക്കളുടെ മോഷണം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മോഷണവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, സമാധാനലംഘനം സൃഷ്ടിക്കുന്ന തരത്തില്‍ അവമതിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശ്രമം, പ്രേരണ, സഹായം, ഗുഢാലോചന എന്നിവയെല്ലാം ഗ്രാമ ന്യായാലയങ്ങളുടെ പരിധിയില്‍ വരും. 2005 ലെ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള പരാതികള്‍, ഭാര്യക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ചെലവിന് നല്‍കാത്തത് സംബന്ധിച്ച പരാതികള്‍, തൊഴിലാളികളുടെ കൂലി സംബന്ധമായ കുറ്റങ്ങള്‍, “തുല്യജോലിക്ക് തുല്യവേതനം” സംബന്ധിച്ച കുറ്റങ്ങള്‍, അടിമവേല നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയെല്ലാം ഗ്രാമന്യായാലയങ്ങള്‍ പരിഗണിക്കും. വസ്തുവാങ്ങല്‍, പൊതുമേച്ചില്‍ സ്ഥലത്തിന്റെ ഉപയോഗം, കൈവശാവകാശം, കനാല്‍, കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയില്‍ നിന്നുമുള്ള വെള്ളത്തിന്റെ നിയന്ത്രണം, കൂട്ടുകൃഷി, വനവിഭവ ഉപയോഗം എന്നിവ സംബന്ധിച്ച അമ്പതിനായിരം രൂപയില്‍ കവിയാത്ത സിവില്‍ തര്‍ക്കങ്ങള്‍ ഇവിടങ്ങളില്‍ തീരുമാനിക്കും.
വിചാരണക്ക് മുമ്പായി ഗ്രാമ ന്യായാലയങ്ങള്‍ മധ്യസ്ഥ ശ്രമം നടത്തുന്നതിനായി ജില്ലാ ജഡ്ജി തയ്യാറാക്കുന്ന പാനലില്‍ നിന്ന് കണ്‍സിലിയേറ്റര്‍മാരെ നിയമിക്കും. വിചാരണ അതിവേഗത്തില്‍ നടത്തി 15 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിച്ച് വിധിപ്പകര്‍പ്പ് വാദിക്കും പ്രതിക്കും സൗജന്യമായി ലഭ്യമാക്കും.
വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ സോമന്‍, ഫസ്റ്റ് അഡീഷണല്‍ ജില്ലാ& സെഷന്‍സ് ജഡ്ജ് ശങ്കരന്‍ നായര്‍, ആര്‍ എല്‍ ബൈജു സംബന്ധിച്ചു.