Connect with us

Kerala

കരിപ്പൂര്‍ പള്ളി പ്രശ്‌നം: തെളിവ് ഹാജരാക്കാനില്ലാതെ വിഘടിതര്‍ മുഖംകെട്ടു

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ ആഞ്ചിറക്കല്‍ പള്ളി പൂട്ടിച്ച വിഘടിതര്‍ക്ക് ഇന്നലെ ആര്‍ ഡി ഒ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ തെളിവ് ഹാജരാക്കാനായില്ല. തിരൂര്‍ ആര്‍ ഡി ഒ രാമചന്ദ്രന്‍ ഇന്നലെ ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചയിലാണ് തെളിവ് നല്‍കാനാകാതെ വിഘടിതര്‍ മുഖം കെട്ടത്. മുതവല്ലിയാല്‍ സ്ഥാപിതമായ പള്ളി കഴിഞ്ഞ യു ഡി എഫ് ഭരണത്തിലും വഖ്ഫ് ബോര്‍ഡിലും സ്വാധീനം ചെലുത്തി പിടിച്ചടക്കാനുള്ള ശ്രമം ഭൂരിപക്ഷം മഹല്ല് നിവാസികളും ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ മൂന്ന് വര്‍ഷം മുമ്പ് പള്ളിയില്‍ കലാപം സൃഷ്ടിക്കുകയും പോലീസ് പള്ളി പൂട്ടുകയും ചെയ്തിരുന്നു. വിഘടിതര്‍ പള്ളിയിലും മഹല്ലിലും കലാപം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ ശനിയാഴ്ച കൊണ്ടോട്ടി സി ഐ ചര്‍ച്ചക്ക് വിളിച്ചിരുന്നു. പള്ളി ഭരണം സുഗമമാക്കാന്‍ മുതവല്ലിയെ സഹായിക്കാന്‍ ഇരുപക്ഷത്തു നിന്നും തുല്യ ആള്‍ വീതം നിയോഗിക്കാം എന്ന മധ്യസ്ഥത വിഘടിതര്‍ തള്ളുകയും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോന്ന ഇവര്‍ പള്ളിയിലും മഹല്ലിലും ഭീകരത സൃഷ്ടിക്കുകയുമുണ്ടായി. ഇതെതുടര്‍ന്ന് പോലീസ് പള്ളി പൂട്ടി. ഇന്നലെ ആര്‍ ഡി ഒ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ഇരു വിഭാഗത്തോടും തങ്ങളുടെ തെളിവുകള്‍ മേശപ്പുറത്ത് വെക്കാന്‍ ആര്‍ ഡി ഒ നിര്‍ദേശിച്ചു. പൂര്‍വികര്‍ മുതവല്ലി പ്രകാരം വഖഫ് ചെയ്ത ആധാരം മുതല്‍ ഏതാനും വര്‍ഷം മുമ്പു വരെ വിവിധ ആവശ്യങ്ങള്‍ക്കായി വഖഫ് ചെയ്ത 15 ഓളം ആധാരങ്ങള്‍ ആര്‍ ഡി ഒക്ക് മുന്നില്‍ സമര്‍പ്പിച്ചു. മറുപക്ഷത്ത് നിന്ന് പള്ളി മുതവല്ലിക്ക് കീഴിലല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവ് ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഒരു കടലാസു കഷ്ണം പോലും ഹാജരാക്കാനില്ലാതെ വിഘടിതര്‍ വിയര്‍ത്തു. തെളിവ് ഹാജരാക്കാനില്ലാത്തതിനാല്‍ പള്ളി മുതവല്ലിക്ക് വിട്ടുകൊടുക്കാന്‍ ആര്‍ ഡി ഒ തയ്യാറായെങ്കിലും കരിപ്പൂര്‍ എസ് ഐ നാട്ടില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നറിയിച്ചതിനെ തുടര്‍ന്ന് പള്ളി മുതവല്ലിക്ക് വിട്ടു കൊടുക്കുന്നത് തത്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ എന്തെങ്കിലും തെളിവു ഹാജരാക്കാനുണ്ടെങ്കില്‍ 15 ദിവസത്തെ സാവകാരം വിഘടിതര്‍ക്ക് നല്‍കി. അതിനിടെ ഇന്നലെ വൈകീട്ട് ആര്‍ ഡി ഒ പള്ളി സീല്‍ ചെയ്തു. അടുത്ത 17ന് നടക്കുന്ന ചര്‍ച്ച വരെ ഇതു തുടരും. കള്ള പ്രമാണത്തിലൂടെ പള്ളി പിടിച്ചെടുക്കാമെന്ന വ്യാമോഹത്തില്‍ ചര്‍ച്ചക്ക് പോയ വിഘടിതര്‍ മുഖം കെട്ടുമടങ്ങുന്നതറിഞ്ഞ നാട്ടിലെ വിഘടിതര്‍ മ്ലാനതയിലായിരുന്നു.