Connect with us

Ongoing News

ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. റിയോ ഒളിമ്പിക്‌സില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരുന്നു നര്‍സിംഗ് യാദവ്. കഴിഞ്ഞ ജൂലൈ 5 ന് നാഡ(നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി) നടത്തിയ പരിശോധനയാണ് നര്‍സിങ്ങിന് തിരിച്ചടിയായത്. സോനാപത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്) കേന്ദ്രത്തിലായിരുന്നു പരിശോധന.

ഉത്തേജക പരിശോധനയില്‍ യാദവിന്റെ എ സാമ്പിള്‍ പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ബി സാമ്പിളും പരിശോധിച്ചു. അതും പോസിറ്റീവ് ആയിരുന്നു. പരിശോധന ഫലം നാഡ ഇന്ത്യന്‍ ഗുസ്തി അസോസിയേഷന് അയച്ചു കൊടുത്തിട്ടുണ്ട്.

74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്‌സില്‍ 74 കിലോ വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും നേടിയിരുന്നു. സുശീല്‍ കുമാറിന് പകരമാണ് നര്‍സിങ്ങിനെ ഒളിമ്പിക്‌സിനുള്ള ഗുസ്തി ടീമില്‍ ഉള്‍പ്പെടുത്തിയത്. താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഭക്ഷണത്തില്‍ കൃത്യമം കലര്‍ത്തി തന്നെ കുടുക്കിയതാണെന്നും നര്‍സിങ് പ്രതികരിച്ചു. പരിശീലനത്തിനായി തിങ്കളാഴ്ച റിയോയിലേക്ക് യാത്ര തിരിക്കാന്‍ ഇരിക്കുകയായിരുന്നു നര്‍സിംഗ് യാദവ്.