Connect with us

Gulf

ഖത്വറില്‍ നിന്നും കൂടുതല്‍ പണമയക്കുന്നത് ഇന്ത്യയിലേക്ക്

Published

|

Last Updated

ദോഹ : രാജ്യത്തെ തൊഴില്‍ ബിസിനസ് മേഖലയില്‍ ഇന്ത്യക്കാരുടെ ഭൂരിപക്ഷ സാന്നിധ്യം ബോധ്യപ്പെടുത്തി സാമ്പത്തിക റിപ്പോര്‍ട്ട്. ഖത്വറില്‍നിന്നും വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ കൂടുതല്‍ ഇന്ത്യയിലേക്കാണ്. ആകെ പുറത്തേക്കയക്കുന്ന പണത്തില്‍ 70 ശതമാനവും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണെന്നും ലോക ബേങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ മുന്‍നിര മണി ട്രാന്‍സ്ഫര്‍ ബ്രാന്‍ഡായ എക്‌സ്പ്രസ് മണിയും ഇതു സ്ഥിരീകരിക്കുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും പൗരന്‍മാര്‍ അയക്കുന്ന പണം സ്വീകരിക്കുന്ന ലോകത്തെ മുന്‍നിര രാജ്യവും ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം 399 കോടി ഡോളറാണ് വിവിധ രാജ്യങ്ങളില്‍നിന്നായി ഇന്ത്യയിലേക്ക് അയച്ചത്. രണ്ടാംസ്ഥാനത്തുള്ള നേപ്പാളിലേക്ക് 202 കോടി ഡോളര്‍ അയച്ചു. ബംഗ്ലാദേശ് 525, ശ്രീലങ്ക 511, പാക്കിസ്ഥാന്‍ 427 ദശലക്ഷം ഡോളര്‍ വീതവും സ്വീകരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓരോ വര്‍ഷവും രാജ്യത്തു നിന്നും വിദേശത്തേക്കയക്കുന്ന തുക വന്‍തോതില്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2014ല്‍ രാജ്യത്തു നിന്നും വിദേശങ്ങളിലേക്കയച്ച തുക 1009 കോടി ഡോളര്‍ കവിഞ്ഞിരുന്നു. 2011ല്‍ ഇത് 677 കോടി ഡോളര്‍ മാത്രമായിരുന്നു.
ഖത്വറിന്റെ സാമ്പത്തിക ഉണര്‍വിനെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ വലിയ പങ്കുവഹിക്കുന്നുവന്നും രാജ്യത്തു നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയും വേള്‍ഡ് കപ്പ് വികസന പ്രവര്‍ത്തനങ്ങളെയും സുസ്ഥിരപ്പെടുത്തുന്നതില്‍ അവര്‍ നിര്‍ണായകമാണെന്നും എക്‌സ്പ്രസ് മണി സി ഒ ഒ സുധീഷ് ഗിരിയന്‍ പറഞ്ഞു. ഈ രാജ്യത്തെ വികസനത്തില്‍ പങ്കു ചേരുന്നതനൊപ്പം തന്നെ പണം നാട്ടിലേക്കയച്ച് നിക്ഷേപം നടത്തുന്നതിനും കുടുംബത്തിനു ജീവിക്കാനാവശ്യായ പണം അയച്ചു കൊടുക്കുന്നതിനും ശ്രദ്ധിക്കുന്നു. പുതിയ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ ലോകത്ത മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്വറിലെ വികസനത്തെയും സാമ്പത്തിക ഭദ്രതയെയും സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും രാജ്യത്തു നിന്നു പുറത്തേക്ക് അയക്കുന്ന തുക ഉയര്‍ന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കന്‍ മേഖലയില്‍ ഈജിപ്തിലേക്കാണ് ഖത്വറില്‍നിന്നും കൂടുതല്‍ പണമയക്കുന്നത്. 105 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം അയച്ചത്. ജോര്‍ദാനിലേക്ക് 207 ദശലക്ഷം റിയാലും അയച്ചു. ഖത്വറിനെപ്പോലെ ലോക സാമ്പത്തിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ ആഗോള സമ്പദ്ഘടനയില്‍ നിര്‍ണായകസ്ഥാനമാണ് വഹിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് അവസരം സൃഷ്ടിച്ച് ലോക രാജ്യങ്ങളിലേക്ക് പണം കൈമാറാന്‍ അവസരം സൃഷ്ടിച്ചു കൊണ്ടാണ് ഖത്വര്‍ സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുന്നത്. രാജ്യത്തുനിന്നും അയക്കുന്ന പണം അവ ലഭിക്കുന്ന രാജ്യങ്ങളില്‍ ചെലവഴിക്കല്‍ ഉയര്‍ത്തുന്നതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപവും വളര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest