Connect with us

National

വിമാനം കാണാതായിട്ട് നാല് ദിവസം; തിരച്ചില്‍ തുടരുന്നു

Published

|

Last Updated

cost guard

വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ നടത്തുന്നതിന്റെ വിവരങ്ങള്‍ തീരദേശ സേനാ കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ ജനറല്‍ രാജന്‍ ബര്‍ഗോത്ര വിശദീകരിക്കുന്നു

ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. നാല് ദിവസമായിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങളോ അതിലുണ്ടായിരുന്നവരെയോ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും തീരദേശ സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാവികസേനയുടെ പതിമൂന്നും തീരദേശസേനയുടെ രണ്ടും കപ്പലുകള്‍ തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയിലെ തംബാരം വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. സന്ദേശം ലഭിക്കുമ്പോള്‍ 151 നോട്ടിക്കല്‍ മൈല്‍ അകലെ 23,000 അടി ഉയരത്തിലായിരുന്നു വിമാനം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തിരച്ചില്‍ നടത്തുന്ന പരിധി ദീര്‍ഘിപ്പിച്ചതായും എല്ലാ ദിശകളിലും പരിശോധന നടത്തിവരികയാണെന്നും തീരദേശ സേനാ കമാന്‍ഡര്‍ (ഈസ്റ്റ്) ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജന്‍ ബര്‍ഗോത്ര പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ചില വസ്തുക്കള്‍ കണ്ടെത്തിയെങ്കിലും അത് വിമാന അവശിഷ്ടമല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ഉപരിതലത്തിലെ പരിശോധനകള്‍ക്കു ശേഷം കടലിനടിത്തട്ടില്‍ പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി, ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങിയ ഏജന്‍സികളും തിരച്ചിലിന് സഹായിക്കുന്നുണ്ട്.