Connect with us

Kerala

ഹെല്‍മെറ്റ് ധരിച്ച് പമ്പിലെത്തുന്നവര്‍ക്ക് സമ്മാനം നല്‍കാന്‍ ആലോചന

Published

|

Last Updated

തിരുവനന്തപുരം: പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെലമെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് മയപ്പെടുത്തി ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍ക്കും അയച്ചു. ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതല്‍ പരിശോധനയും ബോധവത്കരണവും നടത്താനാണ് ഗതാഗത കമ്മീഷണര്‍ തിരുത്തിയ ഉത്തരവില്‍ പറയുന്നത്. ഹെല്‍മറ്റ് ധരിച്ച് പെട്രോള്‍ പമ്പിലെത്തുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ പെട്രോള്‍ നല്‍കുന്നതിന് അലോചനയുണ്ടെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.
ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനായി ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവത്കരണ ലഘുലേഖകളുടെ വിതരണവുമാണ് നടത്തുക. എന്നാല്‍, തുടര്‍ച്ചയായി ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാകും. ഗതാഗത നിയമങ്ങള്‍ പ്രകാരമുള്ള ശിക്ഷകള്‍ മാത്രമാകും ഉണ്ടാകുക.
പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന മുന്‍ ഉത്തരവിനെതിരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് കമ്മീഷണര്‍ ഉത്തരവില്‍ തിരുത്ത് വരുത്തിയത്. പോലീസിന്റെ സഹകരണത്തോടെ നടത്തുന്ന പരിശോധന വഴി അപകട മരണനിരക്ക് കുറക്കുകയാണ് ലക്ഷ്യം. മലപ്പുറം, പാലക്കാട്, കണ്ണൂര്‍, ഒഡീഷയിലെ കട്ടക്ക്, ഭുവനേശ്വര, ആന്ധ്രയിലെ അദീലാബാദ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്.
അതേസമയം ഹെല്‍മെറ്റ് ധരിച്ചു പെട്രോള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനക്കൂപ്പണുകള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ടെന്ന് തച്ചങ്കരി വ്യക്തമാക്കി. പെട്രോള്‍ പമ്പുകളുമായി സഹകരിച്ചായിരിക്കും കൂപ്പണുകള്‍ നല്‍കുക. കൂപ്പണുകള്‍ നറുക്കെടുത്ത് ആദ്യ സമ്മാന ജേതാക്കളായ മൂന്ന് പേര്‍ക്ക് മൂന്ന് ലിറ്റര്‍ പെട്രോളും രണ്ടാം സമ്മാനക്കാരായ അഞ്ച് പേര്‍ക്ക് രണ്ട് ലിറ്റര്‍ പെട്രോള്‍ വീതവും സമ്മാനമായി നല്‍കും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് ആലോചന. ഹെല്‍മെറ്റില്ലാതെ വരുന്നവരെ പെട്രോള്‍ പമ്പിലെ ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരമാവധി ബോധവത്കരണം നടത്തും. അതിനുശേഷവും നിയമം ലംഘിക്കുന്നവെര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.