Connect with us

Gulf

കിംവദന്തികള്‍ ഉറപ്പു വരുത്താന്‍ നഗരസഭയുടെ വാട്‌സ്ആപ് നമ്പര്‍; ലഭിച്ചത് നിരവധി അന്വേഷണങ്ങള്‍

Published

|

Last Updated

ദുബൈ: സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പല രീതിയില്‍ പ്രചരിക്കുന്ന കിംവദന്തികളുടെ നിജസ്ഥിതിയറിയാന്‍ ദുബൈ നഗരസഭ അവതരിപ്പിച്ച വാട്‌സ്ആപ് നമ്പറിലേക്ക് വന്നത് നിരവധി അന്വേഷണങ്ങള്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തികൊടുക്കാനായി ദുബൈ നഗരസഭ വാട്‌സ്ആപ് നമ്പര്‍ തുടങ്ങിയത്.
“ആധികാരിക വാര്‍ത്ത” എന്ന സംരംഭത്തിന്റെ ഭാഗമായി തുടങ്ങിയ വാട്‌സ്ആപ് നമ്പറിലൂടെ കഴിഞ്ഞ മെയ് മാസത്തില്‍ 35 അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന് കോണ്‍ടാക്ട് സെന്റര്‍ വിഭാഗം മേധാവി ഇബ്‌റാഹീം ദശ്തി പറഞ്ഞു.
അതേസമയം +971501077799 എന്ന വാട്‌സ്ആപ് നമ്പറിലൂടെ 12 വ്യാജ റിപ്പോര്‍ട്ടുകളും ലഭിച്ചു. ഭക്ഷണം, ആരോഗ്യം, സുരക്ഷ, കെട്ടിടങ്ങള്‍, മാലിന്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച വ്യാജ വിവരങ്ങളാണ് വാട്‌സ്ആപ് നമ്പറിലേക്കെത്തിയത്. നഗരസഭയും പൊതുജനങ്ങളും തമ്മിലുള്ള ആശയ വിനിമയം വേഗത്തിലും ലളിതവുമാക്കാന്‍ കോണ്‍ടാക്ട് സെന്റര്‍ സഹായകരമാകുമെന്ന് ഇബ്‌റാഹീം ദശ്തി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷ, പൊതു ആരോഗ്യം തുടങ്ങി ഏതു കാര്യമായാലും തെറ്റിദ്ധാരണകളില്‍ കുടുങ്ങാതെ അതിന്റെ നിജസ്ഥിതി അറിയാന്‍ നഗരസഭയുടെ വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ചില ഷാംപൂ ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷകരമാണ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ത്വക്കിനെ പ്രതികൂലമായി ബാധിക്കും, ചില ഭക്ഷ്യവസ്തുക്കള്‍ അര്‍ബുദത്തിന് കാരണമാകുന്നു തുടങ്ങി വിവിധ തരത്തിലുള്ള കിംവദന്തികളാണ് ദുബൈയിലുടനീളം പരക്കുന്നത്.

Latest