Connect with us

National

ശര്‍മിളക്കായി വലവീശി ബി ജെ പി

Published

|

Last Updated

ഇംഫാല്‍: നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് പ്രഖ്യാപിച്ച ഇറോം ശര്‍മിളക്ക് വേണ്ടി ബി ജെ പിയുടെ വലവീശല്‍. നിരാഹാരം അവസാനിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബി ജെ പി നേതാവ് കെ എച്ച് യോയ്കിഷാന്‍ രംഗത്തെത്തി. എല്ലാവരെയും ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇറോം ശര്‍മിളക്ക് ബി ജെ പിയില്‍ അംഗമാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ തങ്ങള്‍ അതിനെ എതിര്‍ക്കില്ലെന്നും കിഷാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഏത് പാര്‍ട്ടിയില്‍ ചേരുമെന്നോ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നോ ശര്‍മിള വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ബി ജെ പിയുടെ ക്ഷണം.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ക്ഷണിച്ചിരുന്നെങ്കിലും ശര്‍മിള ഇത് നിരാകരിച്ചിരുന്നു. 42കാരിയായ ഇറോം ശര്‍മിളക്ക് മണിപ്പൂരിലെ ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ ഏറെ ആശങ്കയോടെയാണ് പ്രധാന പാര്‍ട്ടികള്‍ ശര്‍മിളയുടെ രാഷ്ട്രീയ പ്രവേശം നോക്കിക്കാണുന്നത്.