Connect with us

International

റൂസഫിനെതിരെ കുറ്റം ചുമത്താന്‍ ബ്രസീല്‍ സെനറ്റിന്റെ തീരുമാനം

Published

|

Last Updated

ബ്രസീലിയ: ബ്രസീലില്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസിഡന്റ് ദില്‍മ റൂസഫിനെതിരെ കുറ്റം ചുമത്താന്‍ ബ്രസീല്‍ സെനറ്റ് തീരുമാനിച്ചു. സെനറ്റില്‍ ഇത് സംബന്ധിച്ച് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 59പേര്‍ ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ള 21 സെനറ്റര്‍മാര്‍ ഇതിനെതിരെ വോട്ട് ചെയ്തു. വോട്ട് സംബന്ധിച്ച് സെനറ്റില്‍ വാദപ്രതിവാദങ്ങള്‍ തുടര്‍ന്നുവെങ്കിലും ദില്‍മക്കെതിരായ നാല് കുറ്റങ്ങളില്‍ മൂന്ന് കുറ്റങ്ങള്‍ ചുമത്താന്‍ നേരത്തെ അംഗീകാരം ലഭിച്ചിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായി പണം കൈവശം വെച്ചതിനും തകര്‍ന്ന സാമ്പത്തിക സ്ഥിതി പുറത്തറിയാതിരിക്കുന്നതിനും ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റം ചുമത്തിയും മെയ് 12നാണ് ദില്‍മയെ സെനറ്റ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളിയ ദില്‍മ തനിക്കെതിരായ നീക്കം അട്ടിമറിയാണെന്നും ആരോപിച്ചിരുന്നു. ഒളിമ്പിക്‌സ് സമാപനത്തിന് നാല് ദിവസത്തിന് ശേഷം ഏകദേശം ഈ മാസം 25ഓടെ ഇംപീച്‌മെന്റ് വിചാരണ നടക്കും. ദില്‍മയെ പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് നീക്കം ചെയ്താല്‍ ഇടക്കാല മന്ത്രിസഭയിലെ പ്രസിഡന്റ് ടിമെര്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന 2018വരെ പ്രസിഡന്റായി തുടരും.

Latest