Connect with us

National

സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ കന്‍ഹയ്യക്ക് ഹൈക്കോടതി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ശേഷം ഇടക്കാലിക ജാമ്യത്തിലിറങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. സ്ഥിരം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കന്‍ഹയ്യ കുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇടക്കാല ജാമ്യം അടുത്ത മാസം ഒന്നിന് അവസാനിക്കാനിരിക്കെയാണ് വിചാരണ കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി കന്‍ഹയ്യയുടെ ഹരജി തള്ളിയത്. രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കന്‍ഹയ്യ കുമാറിന് മാര്‍ച്ച് രണ്ടിന് ഡല്‍ഹി ഹൈക്കോടതി ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് സ്ഥിരം ജാമ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കന്‍ഹയ്യ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജി പരിഗണിച്ച ജസ്റ്റിസ് പി എസ് തേജിയാണ് കഴിഞ്ഞ ദിവസം വിചാരണ കോടതിയെ സമീപിക്കാന്‍ കന്‍ഹയ്യയോട് നിര്‍ദേശിച്ചത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ജെ എന്‍ യുവില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ഫെബ്രുവരി 12നാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കന്‍ഹയ്യയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇടക്കാല ജാമ്യത്തിലിറങ്ങിയ കന്‍ഹയ്യ ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ പൊതുപാരിപാടിയില്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് രണ്ടു സ്വകാര്യ വ്യക്തികള്‍ കന്‍ഹയ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളിയിയിരുന്നു.