Connect with us

National

കാശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്താന് മറുപടി നല്‍കി ഇന്ത്യ. വിഷയത്തില്‍ പന്ത് പാകിസ്താന്റെ കോര്‍ട്ടിലാണ്. അവര്‍ ഇങ്ങോട്ട് ഒരു നിര്‍ദേശം നല്‍കി, നമ്മള്‍ അതിനു മറുപടി നല്‍കി. ഇനി അവരാണ് മറുപടി പറയേണ്ടത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ കുറിച്ച് നിര്‍ഭാഗ്യവശാല്‍ ഇതുവരെ യാതൊരു വിവരവും ഇല്ല. യമന്‍ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വികാസ് സ്വരൂപ് അറിയിച്ചു.

നേരത്തെ, ജമ്മു കാഷ്മീര്‍ പ്രശ്‌നം സംബന്ധിച്ച് സെക്രട്ടറി തല ചര്‍ച്ചകള്‍ നടത്താനുള്ള പാക് ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറിയെ ഇസ്‌ലാമാബാദിലേക്ക് അയയ്ക്കാന്‍ തയാറാണെന്നും എന്നാല്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമേ ചര്‍ച്ചയ്ക്കു വിഷയമാകുകയുള്ളുവെന്നും ഇന്ത്യ അറിയിച്ചു. കാശ്മീര്‍ അടക്കം വിവാദ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിനെ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ വിഷയം ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബാവാലെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. ജമ്മു കാഷ്മീരിലെ നിലവിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ്. അതിനാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചയാവാമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.