Connect with us

Gulf

റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അശ്ഗാല്‍ ഡാറ്റാബേസ് ഒരുക്കുന്നു

Published

|

Last Updated

ദോഹ: സമയബന്ധിതമായി റോഡുകളുടെ അറ്റക്കുറ്റപ്പണി തീര്‍ക്കുന്നതിന് സമഗ്രമായ ഡാറ്റാബേസ് സ്ഥാപിക്കാനുള്ള നടപടികളുമായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാല്‍. അറ്റക്കുറ്റപ്പണി ആവശ്യമായ റോഡുകളും സ്ട്രീറ്റുകളും തിരിച്ചറിയുകയും നേരത്തെതന്നെ ജോലി തീര്‍ക്കുകയുമാണ് ഡാറ്റാബേസിന്റെ പ്രധാന ലക്ഷ്യമെന്ന് അശ്ഗാല്‍ അറിയിച്ചു.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ റോഡുകളെ സംബന്ധിച്ച് സര്‍വേ നടത്തിയാണ് ഡാറ്റാബേസ് തയ്യാറാക്കുന്നത്. സര്‍വേ അടിസ്ഥാനപ്പെടുത്തി ഓരോ റോഡിനും പ്രത്യേകം റഫറന്‍സ് നമ്പര്‍ നല്‍കുന്ന നെറ്റ്‌വര്‍ക് റഫറന്‍സ് സിസ്റ്റം (എന്‍ ആര്‍ എസ്) തയ്യാറാക്കും. 18400 കിലോമീറ്ററിലേറെ വരുന്ന പാതകളെ സംബന്ധിച്ച വിരവങ്ങള്‍ ശേഖരിക്കും. ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി ഐ എസ്) ഉപയോഗിച്ചും പതിവായ പരിശോധനകളിലൂടെയും ഡാറ്റാബേസ് നിരന്തരം പരിഷ്‌കരിക്കും. അറ്റക്കുറ്റപ്പണിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാനും അറ്റക്കുറ്റപ്പണി ആവശ്യകതകള്‍ നിരീക്ഷിക്കാനും റോഡിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ പരിഹരിക്കാനും ഇതിലൂടെ സാധിക്കും.
അറ്റക്കുറ്റപ്പണിക്ക് മുന്‍ഗണന നല്‍കി സുരക്ഷാ ആവശ്യകതകള്‍ വിശകലനം ചെയ്യാനും കഴിയും. 2013ല്‍ സ്ഥാപിതമായ റോഡ് അറ്റക്കുറ്റപ്പണി വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. വശങ്ങളിലെ നടപ്പാത, ലൈറ്റുകള്‍, ട്രാഫിക് സിഗ്നലുകള്‍, സൂചനാ ബോര്‍ഡുകള്‍, റോഡുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ തുടങ്ങിയവയുടെ തകരാറും അറ്റക്കുറ്റപ്പണിയും ഇതിലൂടെ ചെയ്യാനാകും. ഓരോ റോഡിന്റെയും സ്ട്രീറ്റിന്റെയും അവസ്ഥ മനസ്സിലാക്കാന്‍ ഹൈടെക് ഉപകരണങ്ങളും പൂര്‍ണകായ ചിത്രം ലഭിക്കുന്ന ക്യാമറുകളുമാണ് സര്‍വേക്ക് ഉപയോഗിക്കുക. ടാറിംഗ് പാളികള്‍ പരിശോധിച്ച് പൊട്ടലുകള്‍ കണ്ടുപിടിക്കും. സ്ട്രീറ്റുകളിലെ പാളികളുടെ ചിത്രമെടുക്കാന്‍ പുതിയ റഡാറുകളും ഉപയോഗിക്കും. സര്‍വേ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മെയിന്‍, സെക്കന്‍ഡറി, ലോക്കല്‍, ബ്രാഞ്ച് എന്നിങ്ങനെ റോഡുകളെ തരംതിരിക്കും. തുടര്‍ന്ന് റഫറന്‍സ് നമ്പര്‍ നല്‍കുമെന്നും അശ്ഗാല്‍ അറിയിച്ചു.

 

Latest