Connect with us

Gulf

ഹജ്ജ്: സമഗ്ര ബോധവത്കരണ പരിപാടികളുമായി സഊദി

Published

|

Last Updated

മക്ക: അത്യാഹിതങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മക്കയിലെ പ്രധാന കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു. ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച പരിപാടി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തവണ മത്വാഫിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് സമഗ്ര ബോധവത്കരണ പദ്ധതിയുമായി മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മക്കയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍, വകുപ്പ്തല സെക്രട്ടറിമാര്‍, മറ്റ് രാജ്യങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് നിശ്ചയിച്ച സമയങ്ങളും വഴികളും മറ്റു കാര്യങ്ങളും ശില്‍പ്പശാലയില്‍ ചര്‍ച്ചയായി.
വിശ്വാസികള്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ സുഗമമായി ചെയ്യുന്നതിനായി വളരെ കാര്യക്ഷമമായാണ് പുതിയ മാര്‍ഗരേഖ തയ്യാറാക്കിയതെന്ന് ഹജ്ജ് വകുപ്പ് സെക്രട്ടറി ഡോ. ഹുസൈന്‍ ശരീഫ് പറഞ്ഞു.1.3 ദശലക്ഷത്തോളം ഹാജിമാര്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി കാറുകളും 16000 ത്തോളം ബസുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. യാത്രാ ചെലവ് യാത്രക്കാരില്‍ നിന്ന് സ്വീകരിക്കും.
മക്ക, മദീന, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡുകളും ഇവകളുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകളും കഴിഞ്ഞ ജൂലൈ 21 മുതല്‍ കൃത്യമായ നിയന്ത്രണത്തിലാണ്. ഇത് ഒക്‌ടോബര്‍ 31 വരെ തുടരും. ഹജ്ജ്, ഗതാഗതം, ആരോഗ്യം, പൊതു സുരക്ഷ തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും സിന്‍ഡിക്കേറ്റ് ജനറല്‍ സെക്രട്ടറി ഉസാമ ഹസന്‍ മുല്ല പറഞ്ഞു. അതേസമയം മദീനയിലും ബോധവത്കണ പരിപാടികളുമായി ശില്‍പ്പശാല ആരംഭിച്ചു. മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇലക്‌ട്രോണിക്ക് ക്യാമ്പയില്‍ തുടക്കം കുറിച്ചു. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ ഹറമിലും പുതിയ ഇലക്‌ട്രോണിക് സംവിധാനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നില്‍കുന്നതിനും മറ്റുമായി ഇലക്‌ടോണിക്ക് ബോര്‍ഡുകള്‍, ലഗേജ് ലോക്കര്‍, മസ്ജിദുന്നബവിയുടെ പ്രത്യേക മാപ്പ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇലക്‌ട്രോണിക് സംവിധാനം.