Connect with us

National

ബെംഗളൂരുവില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശിപാര്‍ശ

Published

|

Last Updated

ബെംഗളൂര: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശിപാര്‍ശ. 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിനോടും മറ്റു ബന്ധപ്പെട്ട ഏജന്‍സികളോടും നിര്‍ദേശിച്ചിരിക്കുന്നത്.
ടു-സ്‌ട്രോക്ക് വാഹനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ആണ് കൂടുതല്‍ വായു മലിനീകരണമുണ്ടാക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗതാഗതവകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും ബി എം ടി സിയും സംയുക്തമായി ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 21, 28, ജൂലൈ നാല്, അഞ്ച്, എട്ട്, 12, 18 തിയ്യതികളിലായാണ് സര്‍വെ നടന്നത്. 1803 പെട്രോള്‍- ഡീസല്‍ വാഹനങ്ങളെയാണ് സര്‍വെയില്‍ വിധേയമാക്കിയത്. 1279 പെട്രോള്‍ വാഹനങ്ങളും 524 ഡീസല്‍ വാഹനങ്ങളും ഇതില്‍ പെടുന്നു. സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലായാണ് സര്‍വെ നടന്നത്.
ഡീസല്‍ വാഹനങ്ങള്‍ 36.3 ശതമാനത്തില്‍ കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തി. പെട്രോള്‍ വാഹനങ്ങള്‍ 12.5 ശതമാനവുമാണ് മലിനീകരണം ഉണ്ടാക്കുന്നത്. ബെംഗളൂരുവില്‍ വാഹനങ്ങളുടെ എണ്ണം അനുദിനം കൂടിവരുന്നതാണ് മലിനീകരണത്തിനുള്ള പ്രധാന കാരണം. 67,64,111 വാഹനങ്ങള്‍ നഗരത്തില്‍ ഉള്ളതായാണ് കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്ക്. പ്രയോജനമില്ലാത്തതും ഫലപ്രദമല്ലാത്തതുമായ ഗതാഗത സംവിധാനവും മലിനീകരണത്തിന്റെ മറ്റൊരു കാരണമാണ്. റോഡിലെ കുണ്ടും കുഴികളും റോഡുകള്‍ യാതൊരു മാനദണ്ഡവുമില്ലാതെ വെട്ടിമുറിക്കുന്നതും പൊടി ശല്യം രൂക്ഷമാകാന്‍ ഇടയാക്കുന്നതായും സര്‍വെയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ബി ബി എം പി അധികൃതര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ക്കും റോഡ് സുരക്ഷാ അതോറിറ്റിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭാരം കയറ്റി പോവുന്ന വാഹനങ്ങള്‍ (എച്ച് എം വി) തിരക്ക് കൂടിയ സമയങ്ങളില്‍ നഗരത്തിലേക്ക് വരുന്നത് നിരോധിക്കണമെന്നും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്നും ടൂ- സ്‌ട്രോക്ക് വാഹനങ്ങള്‍ നിരോധിക്കണമെന്നും സെന്‍ട്രല്‍ ബെംഗളൂരുവില്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് വന്‍തുക പിഴയായി ഈടാക്കാനും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാഹചര്യമൊരുക്കണമെന്നും വഴിയോര കച്ചവടം ഒഴിവാക്കണമെന്നതും നിര്‍ദേശങ്ങളില്‍ പെടുന്നു.