Connect with us

Editorial

മൂക്കിന് മുമ്പിലെ കലഹന്ദികള്‍

Published

|

Last Updated

ഉള്ളുലക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് പിന്നെയും പുറത്തു വരികയാണ്. ഭാര്യയുടെ മൃതദേഹവും തോളിലേറ്റി 60 കിലോമീറ്റര്‍ അകലെ ഗ്രാമത്തിലേക്ക് മകളോടൊപ്പം നടന്നുനീങ്ങുന്ന ദാനാ മാഝിയുടെ കലഹന്ദിയില്‍ നിന്നുള്ള ചിത്രം. അതിന്റെ അസ്വസ്ഥത വിട്ടുമാറും മുമ്പാണ് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ 76 കാരിയായ സലാമണി ബാരികിന്റെ മൃതദേഹം ചവിട്ടിയൊടിച്ച് ചാക്കില്‍കെട്ടി മുളവടിയില്‍ തൂക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്നതിന്റെ ചിത്രം പുറത്തുവന്നത്. അവസാനമായി പോലും ഉടപ്പിറപ്പുകളെ മാന്യമായി യാത്രയയക്കാനാകാത്ത നിസ്സഹായരായ മനുഷ്യര്‍. ആംബുലന്‍സ് വിളിക്കാന്‍ പോലും പണമില്ലാത്ത ആ പാവങ്ങള്‍ എന്തു ചെയ്യും? അവര്‍ക്ക് താങ്ങാകേണ്ട ഔദ്യോഗിക സംവിധാനങ്ങള്‍ അവരെ അവഗണിച്ചു. താരശോഭയുള്ളവര്‍ നിയമം നടപ്പാക്കുന്ന നാട്ടില്‍ നിറംകെട്ട ഈ മനുഷ്യര്‍ക്ക് തങ്ങളെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് അധികാരികള്‍ക്ക് നന്നായറിയാം.
സാമ്പത്തിക അസമത്വങ്ങളുടെയും വികസന കാപട്യത്തിന്റെയും ഭീബത്സതയാണ് ഈ ചിത്രങ്ങള്‍ ലോകത്തിനു മുമ്പില്‍ വെച്ചത്. ഇവ അധികാരികളുടെ പൊങ്ങച്ച പ്രഘോഷങ്ങളെ പ്രഹരിക്കുന്നു. ദൃശ്യത്തിന്റെ ശക്തിയാണ് ഈ ദാരുണ സംഭവങ്ങളെ ജനശ്രദ്ധയിലെത്തിച്ചത്. എന്നാല്‍, ഒരു ശരാശരി ഉത്തരേന്ത്യന്‍ ആദിവാസി, ഗോത്രവര്‍ഗ ഗ്രാമത്തെ സംബന്ധിച്ച് ഇതില്‍ പുതുമയില്ല. കണ്ട ചിത്രം ഭീകരം; കാണാത്ത ചിത്രങ്ങള്‍ അതിഭീകരം എന്നതാണ് അവസ്ഥ. ഭീബത്സമായ ജീവിത യാഥാര്‍ഥ്യങ്ങളെ അവര്‍ നിത്യേന കണ്ടുമുട്ടുന്നുണ്ട്.
കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ആ ദൃശ്യങ്ങള്‍. എന്നാല്‍ പരിഹാര നടപടികളോ? വാര്‍ത്തയായ വിഷയങ്ങളില്‍ പേരിന് ചിലപ്പോള്‍ എന്തെങ്കിലും നടന്നേക്കാം. അതിനപ്പുറം സമഗ്രമായ പരിഹാരങ്ങളുണ്ടാകുന്നില്ല എന്നതാണ് ഓരോരോ രൂപങ്ങളില്‍ ഇവകള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി രാജ്യം നീക്കിവെക്കുന്നു എന്ന് പറയുന്ന ധനം എവിടെ പോകുന്നു എന്ന ചോദ്യം പല തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവക്കൊന്നും കൃത്യമായ ഉത്തരം ഉണ്ടാകുന്നില്ല. കലഹന്ദി സംഭവത്തില്‍ ആശുപത്രിയിലേക്ക് 60 കിലോമീറ്റര്‍ വേണം. അത് തന്നെ അറിയിക്കുന്നുണ്ടല്ലോ ഗ്രാമങ്ങളിലെ മനുഷ്യരുടെ ആരോഗ്യപരിരക്ഷയുടെ കാര്യക്ഷമത.
ആരുടെ ഇന്ത്യയെക്കുറിച്ചാണ് നമ്മുടെ ഭരണാധികാരികള്‍ തല പുകച്ചുകൊണ്ടിരിക്കുന്നത്? മറ്റാരുടേതായാലും ഗോത്രവര്‍ഗക്കാരുടെയോ ആദിവാസിയുടെയോ സാധാരണക്കാരന്റെയോ അല്ല എന്ന് തീര്‍ത്തുപറയാന്‍ കഴിയും. ആദ്യപരിഗണനകള്‍ പോകട്ടെ അവസാന പരിഗണനയിലെങ്കിലും ഈ മനുഷ്യര്‍ വരുന്നുണ്ടോ? അവസാനമില്ലാത്ത വിദേശ യാത്രകള്‍, ലോകരാജ്യങ്ങളുമായി ഒപ്പിടുന്ന കരാറുകള്‍, ഒഴുകിയെത്തുന്ന നിക്ഷേപങ്ങള്‍, എന്‍ ആര്‍ ഐക്കാരുമായുള്ള സംവാദങ്ങള്‍, ജി ഡി പിയെക്കുറിച്ചുള്ള ആഹ്ലാദങ്ങള്‍, വിശേഷാവസരങ്ങളിലെ പ്രഖ്യാപനങ്ങള്‍… ഈ ഇന്ത്യയില്‍ എവിടെയാണ് ആദിവാസികള്‍ക്കും ഗോത്ര വര്‍ഗക്കാര്‍ക്കും ഇടം? മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കും പഞ്ഞമില്ല. ഇതൊക്കെ സാധാരണക്കാരനില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്ന് കൂടി ഇപ്പോള്‍ പുറത്തു വന്ന ചിത്രം വാചാലമാകുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത് എന്നാണല്ലോ ഗാന്ധിജി പറഞ്ഞത്. ഇന്ത്യ ജീവിക്കുന്ന രൂപം അതാണ് പുറത്തു വന്നത്.
നക്‌സല്‍ ഭീഷണി ശക്തമായ ഒഡീഷയിലെ ജില്ലകളിലൊന്നാണ് കലഹന്ദി. എന്തുകൊണ്ട് നക്‌സലുകള്‍ക്ക് ഈ മണ്ണില്‍ വേരാഴ്ത്താന്‍ കഴിയുന്നു എന്നതിന് കൂടിയുള്ള ഉത്തരം ഈ ചിത്രത്തിലുണ്ട്. വനത്തിനുളളില്‍ ഫാക്ടറി നിര്‍മിച്ച് ഖനനം നടത്താനുളള വേദാന്ത അലൂമിന കമ്പനിയുടെ നീക്കങ്ങള്‍ക്കെതിരെ ആദിവാസികളായ ഗ്രാമീണര്‍ സമരം നടത്തുന്ന നാടാണ് ഇത്. കമ്പനിയും അധികാരികളും ചേര്‍ന്ന് ഗ്രാമീണരുടെ നിസ്സഹായതയെ കൂടുതല്‍ ദൈന്യമാക്കുന്ന പ്രദേശം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുത്തകകള്‍ക്കായി തീറെഴുതുമ്പോള്‍ സംഭവിക്കുന്നതിലധികമൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.
ഭരണത്തിന് രണ്ട് വര്‍ഷം തികഞ്ഞപ്പോള്‍ ഡല്‍ഹി ഇന്ത്യാ ഗേറ്റിന് സമീപമൊരുക്കിയ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “എന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പട്ടികയായി നിരത്താന്‍ ഞാന്‍ ശ്രമിച്ചാല്‍, ഈ ദൂരദര്‍ശന്‍കാര്‍ ഇവിടെ ഒരാഴ്ച നില്‍ക്കേണ്ടിവരും.” ഇത്തരം പ്രഖ്യാപനങ്ങളുടെ അന്തസ്സാര ശൂന്യതയാണ് ഇവിടെ അനാച്ഛാദനം ചെയ്യപ്പെടുന്നത്. വിദേശ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സഹായ വാഗ്ദാനങ്ങള്‍ നടത്തുമ്പോഴും ഒരു വ്യാകുലപ്പെടല്‍ പോലും ഈ പാവങ്ങള്‍ക്ക് വേണ്ടി നാം നീക്കിവെക്കുന്നില്ല. പശുവിനും പട്ടിക്കും വല്ലതും പറ്റുമ്പോള്‍ മാത്രം രോഷാകുലരാകുന്നവരുടെ നാടുകൂടിയാണല്ലോ നമ്മുടേത്.
മരിച്ചവരോട് ജീവിച്ചിരിക്കുന്നവര്‍ കാണിക്കുന്ന, കാണിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. ആ മാന്യത സംസ്‌കാരത്തിന്റെ അടയാളമാണ്. ബന്ധുക്കള്‍ മാത്രം ഒടുക്കേണ്ട ഒന്നല്ല; മറിച്ച് സാമൂഹിക ബാധ്യത കൂടിയാണത്. അത് നല്‍കാന്‍ പോലും ഈ രാജ്യത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ നമ്മള്‍ എങ്ങനെയാണ് ലോകത്തിനു മുമ്പില്‍ തല താഴ്ത്താതെ നില്‍ക്കുക?

Latest