Connect with us

Sports

മെഡലണിയുന്നു, മനുഷ്യത്വം

Published

|

Last Updated

ഒളിമ്പിക് മെഡലുമായി യോഗേശ്വര്‍ ദത്ത് മാതാവിനൊപ്പം(ഫയല്‍)

യോഗ്വേശ്വര്‍ താങ്കള്‍ ഈ രാജ്യത്തിന്റെ സാംസ്‌കാരിക പതാക ലോകമാകെയുള്ള നീലവാനില്‍ ഉയര്‍ത്തിയിരിക്കുന്നു ! നന്ദി, ഒരായിരം നന്ദി !!
രണ്ട് മെഡലുകള്‍ ലഭിച്ചതിന് ഇന്ത്യക്കാര്‍ നടത്തുന്ന അത്യാഹ്ലാദത്തെ ട്വിറ്ററിലൂടെ പരിഹസിച്ച ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് പിയേഴ്‌സ് മോര്‍ഗന് വിരേന്ദര്‍ സെവാഗ് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയും അതിന് തിരിച്ച് മോര്‍ഗന്‍ നടത്തിയ വെല്ലുവിളിയും എത്രമാത്രം നിലവാരം കുറഞ്ഞതായിരുന്നുവെന്ന് ലോകം തിരിച്ചറിയുന്നുണ്ടാകണം, ഒപ്പം മോര്‍ഗനും !
ലോകം കണ്ട രണ്ട് വ്യക്തികള്‍ തമ്മില്‍ സമൂഹത്തിന് യാതൊരു നല്ല സന്ദേശവും നല്‍കാത്ത ട്വീറ്റ് യുദ്ധത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ സോഷ്യല്‍മീഡിയയും മറ്റ് മീഡിയകളും അതില്‍ അഭിരമിച്ചു.
അതേ ട്വിറ്ററില്‍ തന്നെയാണ് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിക്കൊണ്ട് നമ്മുടെ ഗുസ്തി താരം യോഗ്വേശ്വര്‍ ദത്ത് ആ സുവര്‍ണ വരികള്‍ കുറിച്ചിട്ടത്.
റഷ്യന്‍ ഗുസ്തി താരം ബെസിക് കുദുകോവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ലഭിച്ച വെള്ളി മെഡല്‍ സ്വീകരിക്കുന്നില്ല. ആ മെഡല്‍ കുദുകോവിന്റെ കുടുംബം സൂക്ഷിക്കുന്നതാണെനിക്കിഷ്ടം. മറ്റെന്തിനേക്കാളും മനുഷ്യത്വത്തിനാണ് താന്‍ വില കല്പിക്കുന്നത് – വെങ്കലവും വെള്ളിയുമല്ല, സ്വര്‍ണത്തിളക്കമുള്ള ട്വീറ്റ് !
യോഗേശ്വറിന്റെ ഈ ട്വീറ്റ് കായിക ലോകം കണ്ട എക്കാലത്തേയും ഉദാത്തമായ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റായി മാറിക്കഴിഞ്ഞു. നന്ദി, യോഗേശ്വര്‍ കായികരംഗം എന്നത് മെഡല്‍ നേടാനും അത് വഴിയുള്ള പണസമ്പാദനവും പ്രശസ്തിയും മാത്രമല്ലെന്ന് ഓര്‍മിപ്പിച്ചതിന്.
ട്വിറ്ററില്‍ വ്യഥാ പോരടിച്ച്, ഈ രംഗത്തെ പുഴുക്കുത്തുകളായി മാറുന്ന ഓരോരുത്തര്‍ക്കും മനുഷ്യത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വലിയ അധ്യായമാണ് യോഗേശ്വര്‍. അവരത് പഠിക്കട്ടെ, മാതൃകയാക്കട്ടെ. പിയേഴ്‌സ് മോര്‍ഗനും ശോഭ ഡേയും ഇനിയും ഇന്ത്യന്‍ കായിക രംഗത്തെ പരിഹസിക്കാന്‍ മുതിരുകയാണെങ്കില്‍ യോഗ്വേശ്വറിന്റെ ഈയൊരു നിലപാട് മാത്രം മതിയാകും മറുപടിക്ക്.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കി.ഗ്രം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ കുദുകോവ് യോഗേശ്വറിനെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യന്‍ കായിക പ്രേമികള്‍ പിന്നീട് കുദുകോവ് ഫൈനലില്‍ പ്രവേശിച്ചതോടെ ആവേശഭരിതരായി. റെപഷാഷ് റൗണ്ടിലൂടെ വെങ്കല മെഡല്‍ നേടാനുള്ള സാധ്യത യോഗേശ്വറിന് മുന്നില്‍ തുറന്നിട്ടത് റഷ്യന്‍ ഗുസ്തിക്കാരനായിരുന്നു. ഇത് യോഗേശ്വര്‍ മുതലെടുത്താണ് വെങ്കലം നേടിയത്. ആഗസ്റ്റ് 29ന് പുറത്തു വന്ന ഡോപ് ടെസ്റ്റിംഗ് സാംപിള്‍ പുനപരിശോധനയില്‍ കുദുകോവ് നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ, കുദുകോവിനോട് തോറ്റ വെങ്കല മെഡല്‍ ജേതാവ് എന്ന നിലയില്‍ യോഗേശ്വറിനെ വെള്ളി മെഡല്‍ ജേതാവായി രാജ്യാന്തര ഒളിമ്പിക് സമിതി പ്രഖ്യാപിക്കുകയായിരുന്നു.
യോഗേശ്വറിന്റെ നിലപാട് രാജ്യാന്തര ഒളിമ്പിക് സമിതി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ താരം സ്വീകരിക്കുന്നില്ലെങ്കില്‍ അത് റഷ്യന്‍ താരത്തിന്റെ കുടുംബത്തിന്റെ പക്കല്‍ നിന്ന് തിരിച്ചെടുക്കുന്നത് അനൗചിത്വമാകുമെന്ന തിരിച്ചറിവ് ഒളിമ്പിക് കമ്മിറ്റിക്കുണ്ടാകുമെന്ന് കരുതാം.

യോഗേശ്വറിന്
മുമ്പും പിമ്പും….
മനുഷ്യത്വത്തിന്റെ കായിക അധ്യായങ്ങളെ ഇനി ഇങ്ങനെ തരംതിരിക്കേണ്ടി വരും. കളിക്കളത്തില്‍ കുഴഞ്ഞു വീണ സഹതാരത്തിന് കൈത്താങ്ങു നല്‍കുന്ന, ഒപ്പം മത്സരിക്കുന്ന താരത്തിന്റെ പിഴവ് ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുന്ന നല്ല നിമിഷങ്ങള്‍ ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്‌സിലും നാം കണ്ടു. എന്നാല്‍, അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു ഒളിമ്പ്യനെ മരുന്നടിയുടെ പേരില്‍ കുരിശിലേറ്റുന്നതിലെ അധാര്‍മികത ചൂണ്ടിക്കാട്ടുവാന്‍ യോഗേശ്വര്‍ വേണ്ടി വന്നു. ആ കുടുംബത്തിനുണ്ടാകുന്ന വേദനയും അപമാനവും പരിഗണിക്കാതെ ഐ ഒ സി വിഷയം കൈകാര്യം ചെയ്തത് ശരിയായോ എന്ന ചോദ്യം ഉയര്‍ത്താനും ഇന്ത്യന്‍ ഗുസ്തി താരത്തിന്റെ നടപടിക്ക് സാധിച്ചു.

റിയോയിലും കണ്ടു
നല്ല മാതൃക

മനുഷ്യത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്തിന് റിയോ ഒളിമ്പ്യാഡിലെ ട്രാക്കില്‍ നിന്ന് നന്മയുടെ പാഠമുണ്ടായിരുന്നു. വനിതകളുടെ അയ്യായിരം മീറ്റര്‍ ഹീറ്റ്‌സിലാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അധ്യായം പിറന്നത്. ഓട്ടത്തിനിടെ തടഞ്ഞുവീണ ന്യൂസിലാന്‍ഡ് താരം നിക്കി ഹാംബ്ലിനെ കൈപിടിച്ചുയര്‍ത്തിയ അമേരിക്കന്‍ അത്‌ലറ്റ് അബ്ബേ ഡി അഗോസ്റ്റിനോയാണ് മനുഷ്യത്വത്തിന്റെ ആള്‍രൂപമായി മാറിയത്. ട്രാക്കില്‍ കണ്ണീര്‍വാര്‍ത്ത്കിടന്ന നിക്കിയെ ഓടാന്‍ പ്രേരിപ്പിച്ച അഗോസ്റ്റിനോക്ക് പക്ഷേ വീഴ്ചയില്‍ കാര്യമായി പരുക്കേറ്റിരുന്നു. നിക്കി ഓടാനൊരുങ്ങുമ്പോള്‍ അബ്ബേ കാല്‍ വേദന കാരണം ട്രാക്കില്‍ വീണു. തന്നെ കൈപിടിച്ചുയര്‍ത്തിയ അബ്ബേയെ വഴിക്കുപേക്ഷിച്ച് മത്സരം ആരംഭിക്കാന്‍ നിക്കിക്കും സാധിച്ചില്ല.
എന്നാല്‍, നിക്കിയോട് സമയം കളിയാതെ മത്സരം ആരംഭിക്കാന്‍ അബ്ബേ ആവശ്യപ്പെട്ടു. ട്രാക്കില്‍ കുറച്ച് നേരം വീണുകിടന്ന അമേരിക്കന്‍ താരം പരുക്ക് വകവെക്കാതെ മത്സരം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. തന്നെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്ന സുഹൃത്തിനെ ഫിനിഷിംഗ് പോയിന്റില്‍ എതിരേല്‍ക്കാന്‍ നിക്കിയുണ്ടായിരുന്നു.
അഗോസ്റ്റിനയെ കെട്ടിപ്പുണര്‍ന്നു കൊണ്ട് നിക്കി നിന്നപ്പോള്‍ ഒളിമ്പിക് സ്റ്റേഡിയം കരഘോഷം മുഴക്കി. പലരും എഴുന്നേറ്റ് നിന്നാണ് ട്രാക്കിലെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ആദരിച്ചത്.

ലസ്‌ലോംഗുമാര്‍ ഇനിയും ഉണ്ടാകട്ടെ…
1936 ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ ജെസി ഓവന്‍സിന് പ്രചോദനമേകിയ ജര്‍മന്‍ എതിരാളി ലസ്‌ലോംഗ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മൂര്‍ത്തീമദ്ഭാവമാണ്. ഹിറ്റ്‌ലറുടെ മൂക്കിന്‍താഴെ നടന്ന ഒളിമ്പിക്‌സിലാണ് ലസ് ലോംഗ് യു എസ് താരം ജെസി ഓവന്‍സിന് ഫൈനല്‍ യോഗ്യത നേടാനുള്ള സഹായം ചെയ്തു കൊടുത്തത് എന്നോര്‍ക്കണം. ആദ്യ രണ്ട് ചാട്ടവും പിഴച്ച ജെസി ഓവന്‍സ് നിരാശനായി. എന്നാല്‍, ഒരടി പിറകില്‍ നിന്ന് ചാടിയാല്‍ പരിഹരിക്കപ്പെടാവുന്നതേയുള്ളൂവെന്ന് ലസ് ലോംഗ് ഉപദേശിച്ചു. ഓവന്‍സ് ചാടി, ഫൈനലിന് യോഗ്യത നേടി. ഫൈനലില്‍ ലസ് ലോംഗിനെ രണ്ടാം സ്ഥാനത്താക്കി ഓവന്‍സ് സ്വര്‍ണമണിഞ്ഞു. പക്ഷേ, ലസ്‌ലോംഗ് വലിയൊരു മാതൃകയായി. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സ്‌കൂള്‍ സിലബസില്‍ ലസ് ലോംഗിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പഠന വിഷയമായി.
ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ നടന്ന ഹോപ് മാന്‍ കപ്പ് ടെന്നീസില്‍ അമേരിക്കയുടെ ജാക് സോക് ഏവരുടെയും പ്രശംസക്ക് പാത്രമായ സംഭവമുണ്ടായി. ഓസീസ് താരം ലെയ്റ്റന്‍ ഹെവിറ്റിന്റെ സെര്‍വ് ഔട്ടായെന്ന് അമ്പയര്‍ വിധിച്ചു.
എന്നാല്‍, ജാക് സോക് അമ്പയറുടെ തീരുമാനം ശരിയല്ലെന്നും ഹെവിറ്റിനോട് തീരുമാനം ചാലഞ്ച് ചെയ്യാനും ആവശ്യപ്പെട്ടു. ജാക് പറഞ്ഞതായിരുന്നു ശരി. ഹെവിറ്റിന് വിലപ്പെട്ട പോയിന്റ് ലഭിച്ചു, മത്സരം ജയിച്ചു.
2012 ഡിസംബറില്‍ നടന്ന ക്രോസ് കണ്‍ട്രിയില്‍ സ്‌പെയിനിന്റെ ഇയാന്‍ ഫെര്‍നാണ്ടസ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ചു.
കെനിയയുടെ അബെല്‍ മുതായ് ഫിനിഷിംഗ് ലൈന്‍ കടന്നുവെന്ന ധാരണയില്‍ ഓട്ടം പതുക്കെയാക്കിയപ്പോള്‍ അയാന്‍ തൊട്ടുപിറകില്‍. സ്പാനിഷ് താരത്തിന് വേണമെങ്കില്‍ കെനിയന്‍ താരത്തെ മറികടക്കാമായിരുന്നു. പക്ഷേ, ചെയ്തില്ല. അബെല്‍ മുതായോട് ഫിനിഷിംഗ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു അയാന്‍ ചെയ്തത്. 2012 ല്‍ അമേരിക്കയിലെ ഒഹിയോയില്‍ നടന്ന വനിതകളുടെ 3200 മീറ്റര്‍ ഫൈനലില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ മേഖന്‍ വോലെ ട്രാക്കില്‍ കുഴഞ്ഞു വീണ താരത്തെ തോളില്‍ താങ്ങിയെടുത്ത് ഫിനിഷിംഗിലേക്ക് കുതിച്ചു. കുഴഞ്ഞു നിന്ന താരത്തെ തനിക്ക് മുന്നിലായി ഫിനിഷിംഗ് ലൈന്‍ കടത്തിയാണ് മേഖന്‍ ട്രാക്ക് വിട്ടത്.
2008 ബീജിംഗ് ഒളിമ്പിക്‌സില്‍ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ചാമ്പ്യനായപ്പോള്‍ നാലാം സ്ഥാനത്തെത്തിയത് അമേരിക്കയുടെ ഷോന്‍ ക്രൗഫോഡായിരുന്നു. എന്നാല്‍, ട്രാക്കില്‍ സാങ്കേതികപ്പിഴവ് വരുത്തിയെന്ന് കാണിച്ച് ഹോളണ്ടിന്റെ ചുരാന്‍ഡി മാര്‍ട്ടിന്റെയും അമേരിക്കയുടെ വാലസിന്റെയും വെള്ളി, വെങ്കല മെഡലുകള്‍ റദ്ദാക്കി. ഇതോടെ, ക്രൗഫോഡിന് വെള്ളി ലഭിച്ചു. എന്നാല്‍, ഒളിമ്പിക്‌സിന് ശേഷം ഡച്ച് താരത്തിന് ഒരു പാര്‍സല്‍ ലഭിച്ചു. അതില്‍ വെള്ളി മെഡലായിരുന്നു. ക്രൗഫോഡ് അയച്ചു കൊടുത്തത്. ഇതിന് അര്‍ഹത താങ്കള്‍ തന്നെയാണ്. ആ നിമിഷം എനിക്ക് തിരിച്ചു തരാന്‍ സാധിക്കില്ല, ഈ മെഡല്‍ സ്വീകരിക്കണം – ക്രൗഫോഡ് കത്തില്‍ കുറിച്ച വാക്കുകള്‍.
ഫുട്‌ബോളിലും ക്രിക്കറ്റിലും മാതൃകകളുണ്ട്…
ഫുട്‌ബോളില്‍ ഒലിവര്‍ ഖാന്‍ എന്ന ഗോള്‍ കീപ്പര്‍ ലോകത്തിന് ഒരു നല്ല കാഴ്ചയൊരുക്കി. 2001 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒലിവര്‍ ഖാന്റെ ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍മാരായി. തന്റെ സഹതാരങ്ങള്‍ വിജയാഹ്ലാദത്തില്‍ മുഴുകിയപ്പോള്‍ ഖാന്‍ തോറ്റ ടീം വലന്‍ഷ്യയുടെ ഗോളിയെ ആശ്വസിപ്പിക്കുന്ന രംഗം ഇന്നും മായാതെ കിടക്കുന്നു.
വിന്‍ഡീസ് ക്രിക്കറ്റ് താരം കോട്‌നി വാല്‍ഷിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ലോകം ഇന്നും വാഴ്ത്തുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ നോക്കൗട്ട് മത്സരം. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ പാക്കിസ്ഥാന്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. പന്തെറിയും മുമ്പെ ക്രീസ് വിട്ടോടിയ അബ്ദുല്‍ ഖാദിറിനെ റണ്ണൗട്ടാക്കാന്‍ തുനിയാതെ, ക്രീസിലേക്ക് മടക്കി വിളിച്ചു. പാക്കിസ്ഥാന്‍ മത്സരം ജയിച്ചു. പക്ഷേ, ആ ജയം ഇന്ന് ലോകം ഓര്‍ക്കുന്നത് കോട്‌നി വാല്‍ഷിന്റെ മഹത്വമുള്ള കഥയിലാണെന്ന് മാത്രം.
എല്‍ബിഡബ്ല്യു ആയപ്പോള്‍ സംശയം പ്രകടിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീകാന്തിനെ ബാറ്റ് ചെയ്യാന്‍ തിരിച്ചുവിളിച്ച പാക് നായകന്‍ ഇമ്രാന്‍ ഖാനും, അമ്പയര്‍ നോട്ടൗട്ട് വിധിച്ചിട്ടും ഔട്ടാണെന്ന് പറഞ്ഞ് കളം വിട്ട സച്ചിനും ആദം ഗില്‍ക്രിസ്റ്റും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ചു. ഏറ്റവും ഒടുവില്‍ വിരാട് കോഹ്‌ലിയും വലിയ മാതൃകയായി.
വാതുവെപ്പ് വിവാദത്തില്‍ ശിക്ഷ കഴിഞ്ഞ് പാക് ടീമിലേക്ക് തിരിച്ചെത്തി മുഹമ്മദ് ആമിറിനോട് സഹകരിക്കാന്‍ സഹതാരങ്ങള്‍ തയ്യാറാകാത്ത അവസ്ഥ. മുഹമ്മദ് ഹഫീസും അസ്ഹര്‍ അലിയും ക്യാമ്പിലേക്ക് വരില്ലെന്ന് ശഠിച്ചു. എന്നാല്‍, ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി മുഹമ്മദ് ആമിറിനെ രാജ്യാന്തര ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യ-പാക് മത്സരത്തിനിടെ ആമിറിനെ മാരക ബൗളിംഗിനെ പ്രശംസിക്കുകയും ചെയ്ത കോഹ്‌ലി സഹിഷ്ണുതയുടെ പ്രാധാന്യം വിളിച്ചോതി.

---- facebook comment plugin here -----