Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത അടുത്ത വര്‍ഷം തുറക്കും

Published

|

Last Updated

അബുദാബി:ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യു എ ഇ ദേശീയപാത അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുമെന്ന് അബുദാബി ജനറല്‍ സര്‍വീസ് കമ്പനി (മുസാനദ) അറിയിച്ചു. അബുദാബി മഫ്‌റഖില്‍ നിന്നും 2014ലാണ് നിര്‍മാണം ആരംഭിച്ചത്. മരുഭൂമിയിലൂടെയും കാടുകളിലൂടെയും കടന്നുപോകുന്ന പാത സഊദി അറേബ്യയുടെ അതിര്‍ത്തി പ്രദേശമായ റുവൈസ് വ്യവസായ മേഖലയിലാണ് അവസാനിക്കുക.

മഫ്‌റഖ്-ഗുവൈഫാത്ത് ദേശീയ പാതയുടെ നിര്‍മാണം 72 ശതമാനം പൂര്‍ത്തിയായതായും അബുദാബി ജനറല്‍ സര്‍വീസ് കമ്പനി അറിയിച്ചു. ഒന്നാംഘട്ടത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം അവസാനത്തോടെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കി പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും.

തലസ്ഥാന നഗരിയിലെ ഗതാഗതം സുഗമമാക്കുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കന്നതിനുമായി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും ദര്‍ശനമായ വിഷന്‍ 2030ന്റെ ഭാഗമാണ് ദേശീയ പാത നവീകരിക്കുന്നത്.

5.3 ബില്യണ്‍ ദിര്‍ഹമില്‍ അന്താരാഷ്ട്ര വാണിജ്യ ഗതാഗത സൗകര്യത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ദേശീയ പാത 24 മണിക്കൂറും തൊഴിലാളികള്‍ ജോലി ചെയ്താണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്ന് (മുസാനദ) ആക്ടിംഗ് റോഡ് ഡയറക്ടര്‍ ജനറല്‍ ഹംദാന്‍ അഹ്മദ് അല്‍ മസ്‌റൂഇ വ്യക്തമാക്കി.

അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ചെറുതും വലുതുമായ ടൗണുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന ദേശീയ പാതയില്‍ നിരവധി ലിങ്കിംഗ് റോഡുകളും ഇന്റര്‍ ചെയ്ഞ്ചുകളുമുണ്ട്. ആറ് വിഭാഗമായി നിര്‍മിക്കുന്ന പാതയില്‍ പുതുതായി 16 ഇന്റര്‍ ചെയ്ഞ്ചുകളാണ് നിര്‍മിക്കുന്നത്.
മഫ്‌റഖ്, ഹമീം, അബു അല്‍ അബിയല്‍, മദീനത് സായിദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്റര്‍ ചെയ്ഞ്ചുകളുള്ളത്.