Connect with us

Wayanad

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്; പ്രതിഭകളെ വരവേല്‍ക്കാന്‍ പാടന്തറ ഒരുങ്ങി

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിനായി ഒരുങ്ങുന്ന പാടന്തറ മര്‍കസിലെ പന്തല്‍

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ പാടന്തറ മര്‍കസില്‍ നടക്കുന്ന എസ് എസ് എഫ് ഇരുപത്തിമൂന്നാമത് സംസ്ഥാന സാഹിത്യോത്സവ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വേദികളുടെ മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. പ്രധാന വേദിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സര്‍ഗ പ്രതിഭകളെ വരവേല്‍ക്കാന്‍ നീലഗിരിയുടെ സംഘകുടുംബം പ്രവര്‍ത്തകര്‍ ഒരുങ്ങി കഴിഞ്ഞു.
നീലഗിരിയുടെ മുക്ക് മൂലകളില്‍ സാഹിത്യോത്സവിന്റെ വിളംബരം അറിയിച്ച് കൊണ്ടുള്ള കൂറ്റന്‍ കമാനങ്ങളും ഫഌക്‌സ് ബോര്‍ഡുകളും, ചുമരെഴുത്തുകളും നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. നീലഗിരിയിലെ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ പാടന്തറ മര്‍കസിലെ പതിനൊന്ന് വേദികളിലാണ് മത്സരം നടക്കുന്നത്. പ്രതിഭകള്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന സെഷനും സമാപന സെഷനും ചരിത്ര സംഭവമാക്കാനുള്ള തയ്യാറൊടുപ്പിലാണ് പ്രവര്‍ത്തകര്‍. തിരഞ്ഞെടുക്കപ്പെട്ട 2500ഓളം മത്സരാര്‍ഥികള്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും. 107 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെകന്‍ഡറി, സീനിയര്‍, കാമ്പസ്, ജനറല്‍ വിഭാഗങ്ങളിലെ പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ഇത് രണ്ടാം തവണയാണ് തമിഴകത്തിലെ മലയോര മേഖലയായ നീലഗിരിയിലെ പാടന്തറ മര്‍കസ് സാഹിത്യോത്സവ് വേദിയാകുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാഹിത്യോത്സവിന് നീലഗിരി വേദിയാകുന്നത്. പ്രകൃതി രമണീയമായ ഹരിതശോഭയോടെ തലയുയര്‍ത്തി നില്‍ക്കുന്ന നീലഗിരിയിലേക്ക് സര്‍ഗ പ്രതിഭകളെ വരവേല്‍ക്കാന്‍ പാടന്തറ മര്‍കസ് ഒരുങ്ങി കഴിഞ്ഞു.
ജില്ലാ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയവരാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം മലയാളത്തിലെ പ്രമുഖ കവി വീരാന്‍കുട്ടിക്ക് തമിഴ് സാഹിത്യകാരന്‍ പൊന്‍നീലന്‍ കന്യാകുമാരി സമ്മാനിക്കും. രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ധീന്‍ അഞ്ചാംപീടിക അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.

 

Latest