Connect with us

International

നാദിയ മുറാദ് ഇനി യു എന്‍ ഗുഡ്‌വില്‍ അംബാസിഡര്‍

Published

|

Last Updated

ജനീവ: ഇസില്‍ തീവ്രവാദികളുടെ മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇറാഖി യുവതിയെ യു എന്നിന്റെ ഗുഡ്‌വില്‍ അംബാസിഡറായി നിയമിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നോമിനേഷന്‍ ചെയ്യപ്പെട്ട 23കാരിയായ നാദിയ മുറാദ് ബാസീ താഹയെയാണ് മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ അന്തഃസ്സുയര്‍ത്താനായി യു എന്നിന്റെ ഡ്രഗ്‌സ് ആന്റ് ക്രൈം വിഭാഗത്തിലെ ഗുഡ്‌വില്‍ അംബാസിഡറായി നിയമിച്ചിരിക്കുന്നത്. അതിക്രമങ്ങള്‍ക്കിരയാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത ഒരാള്‍ ഇത്തരം പദവിയിലെത്തുന്നത് ആദ്യമാണ്. എല്ലായിടത്തുമുള്ള യസീദികള്‍ക്കും മനുഷ്യക്കടത്തിനിരയായവര്‍ക്കുമായി നിലകൊള്ളുന്നയാളാണ് നാദിയയെന്ന് സ്ഥാനാരോഹണ ചടങ്ങില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ഇസില്‍ തീവ്രവാദികളില്‍ നിന്ന് വിവരിക്കാനാകാത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ഇരയായ വ്യക്തിയാണ് നാദിയയെന്നും തന്റെ അനുഭവങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചതിലൂടെ ഇത്തരം പീഡനത്തിനിരയാകുന്നവരുടെ ശബ്ദമാകാന്‍ അവര്‍ക്കായെന്നും മൂണ്‍ പറഞ്ഞു. ഡിസംബറില്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ മുമ്പാകെ താന്‍ നേരിട്ട ദുരിതങ്ങളും ഇസില്‍ തീവ്രവാദികള്‍ നടത്തുന്ന ക്രൂരതകളും വിവരിച്ചിരുന്നു. ഇസില്‍ യസീദികള്‍ക്കെതിരായി നടത്തുന്ന ക്രൂരതകള്‍ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് മൂണ്‍ ആവര്‍ത്തിച്ചു. ഗുഡ്‌വില്‍ സ്ഥാനത്തിരുന്നുകൊണ്ട് നാദിയ മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.