Connect with us

Ongoing News

കാശ്മീരില്‍ ഭീകരാക്രമണം:17 ജവാന്മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സമീപകാലത്ത് സൈന്യത്തിന് നേരെയുണ്ടായതില്‍ വെച്ചേറ്റവും ശക്തമായ ഭീകരാക്രമണം. വടക്കന്‍ കശ്മീരിലെ ഉറിയില്‍ ബറ്റാലിയന്‍ ആസ്ഥാനത്തുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പതിനേഴ് സൈനികര്‍ കൊല്ലപ്പെട്ടു. പത്തൊമ്പത് പേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയ നാല് ഭീകരരെയും സൈന്യം വധിച്ചു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. ഉറി നഗരത്തിലുള്ള ബ്രിഗേഡ് ആസ്ഥാനത്തിന് സമീപമാണ് ആക്രമണം നടന്നത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് ദോഗ്ര റെജിമെന്റിലെ സൈനികര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ടെന്റിന് തീപ്പിടിച്ചു. സമീപത്തുള്ള ബാരക്കുകളിലേക്കും തീപടര്‍ന്നു. നിരോധിത തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടാകുന്ന ശക്തമായ ആക്രമണമാണ് ഉറിയില്‍ ഉണ്ടായതെന്ന് സൈനിക വക്താവ് പറഞ്ഞു. ഈ വര്‍ഷം സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. കഴിഞ്ഞ ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഉറി സെക്ടറില്‍ 2014 ഡിസംബറിലുണ്ടായ ആക്രമണത്തില്‍ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരാണ് മരിച്ചത്.

ക്യാമ്പിനകത്ത് പ്രവേശിച്ച ഭീകരര്‍ എ കെ – 47 തോക്കുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തുകയായിരുന്നു. ക്യാമ്പിനകത്ത് നിന്ന് കനത്ത പുക ഉയര്‍ന്നു. നാല് എ കെ- 47 തോക്കുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ളവരാണ് മരിച്ച ഭൂരിഭാഗവുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

പരുക്കേറ്റ സൈനികരെ ഹെലിക്കോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ധല്‍ബീര്‍ സിംഗ് സുഹാഗ് എന്നിവര്‍ കശ്മീരില്‍ എത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സൈന്യത്തിലെയും അര്‍ധ സൈനിക വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ആഭ്യന്തര മന്ത്രിയുടെ റഷ്യ, യു എസ് സന്ദര്‍ശനം മാറ്റിവെച്ചു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍ എന്‍ വോറ എന്നിവരുമായി രാജ്‌നാഥ് സിംഗ് ടെലിഫോണില്‍ സംസാരിച്ചു. പാക്കിസ്ഥാനെ ഉത്കണ്ഠ അറിയിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് ലഫ്റ്റനന്റ് ജനറല്‍ റണ്‍ബീര്‍ സിംഗ് അറിയിച്ചു. നിയന്ത്രണ രേഖയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഉറി.

uri-attack_650x400_51474170039ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനിടെ കാഷ്മീര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം മാറ്റിവച്ചു.

Latest