Connect with us

Gulf

എണ്‍പത് വിഭാഗം തൊഴിലാളികള്‍ക്ക് കൂടി ഇനി ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല

Published

|

Last Updated

ദോഹ: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് 80 പ്രൊഫഷനുകളെ കൂടി നിരോധിച്ചു. ഇതോടെ 240 വിഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. മൂന്ന് വര്‍ഷം മുമ്പ് 160 പ്രൊഫഷനുകളെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കമ്പനി തൊഴിലാളികള്‍ക്ക് മാത്രമാണ് നിരോധം ബാധകമാകുകയുള്ളൂ. സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പില്‍ വന്ന തൊഴിലാളികള്‍ക്ക് ഇത് ബാധകമല്ല. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ ഈ തീരുമാനമെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ഫാര്‍മസി അസിസ്റ്റന്റ്, അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍, ഫോട്ടോഗ്രാഫേഴ്‌സ് അസിസ്റ്റന്റ്, നാവികര്‍, പ്ലാസ്റ്റര്‍- ഇലക്ട്രീഷ്യന്‍ പോലുള്ള വിദഗ്ധ തൊഴിലാളികള്‍, ഗ്രോസറി ജീവനക്കാര്‍, പത്രവില്‍പ്പനക്കാര്‍, ബാര്‍ബര്‍, വീട്ടുവേലക്കാര്‍, കോസ്മിറ്റോളജിസ്റ്റ്, സെക്യൂരിറ്റി ഗാര്‍ഡ്, പോര്‍ട്ടര്‍, ആട്ടിടയന്‍, ബുച്ചര്‍, തയ്യല്‍ക്കാര്‍, സ്വര്‍ണപ്പണിക്കാര്‍, കൃഷിപ്പണിക്കാര്‍, ഡെക്കറേഷന്‍ ടെക്‌നീഷ്യന്‍, മൈനിംഗ് ടെക്‌നീഷ്യന്‍, ബ്യൂട്ടീഷ്യന്‍, മെക്കാനിക് തുടങ്ങി 80 പേര്‍ക്കാണ് പുതുതായി നിരോധമേര്‍പ്പെടുത്തിയത്. കമ്പനികള്‍ ഇവര്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുമെന്നും അതിനാല്‍ സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സിന്റെ ആവശ്യം വരുന്നില്ലെന്നും മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞതായി ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസമാണ് പുതിയ പട്ടിക ലഭിച്ചതെന്നും ഇത് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കുറക്കുമെന്ന് ഭയപ്പെടുന്നതായും അല്‍ റയ്യാ ഡ്രൈവിംഗ് സ്‌കൂളിലെ അധികൃതര്‍ പറഞ്ഞു. ഈ മാസത്തെ കണക്ക് കഴിഞ്ഞ മാസത്തേതുമായി തുലനം ചെയ്തതിന് ശേഷമെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവരില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈവി വെഹിക്കിളിനെ അപേക്ഷിച്ച് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സിനാണ് അപേക്ഷകര്‍ കൂടുതല്‍. ഇപ്പോള്‍ രണ്ട് വിഭാഗങ്ങളിലും ആവശ്യക്കാര്‍ യഥാക്രമം 30, 50 ശതമാനം വീതം കുറഞ്ഞിട്ടുണ്ടെന്ന് അല്‍ റയ്യ ഡ്രൈവിംഗ് സ്‌കൂള്‍ മാനേജര്‍ അബ്ദുസ്സലാം പറയുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സിന് ആവശ്യക്കാര്‍ വളരെ കുറഞ്ഞതായി ഗള്‍ഫ് ഡ്രൈവിംഗ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് അല്‍ സെയ്ന്‍ ഇബ്‌റാഹീം പറയുന്നു. അനുമതി പ്രകാരം ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.