Connect with us

International

മാനവികതയുടെ മാതൃകയായി ആറ് വയസ്സുകാരന്റെ കത്ത്

Published

|

Last Updated

വാഷിംഗ്ടണ്‍: ലോകത്ത് അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കെ അലക്‌സ് എന്ന ആറ് വയസ്സുകാരന്‍ ലോക സമൂഹത്തിന് മാനവികതയുടെ മാതൃകയാകുകയാണ്. അഭയാര്‍ഥികളെ ആട്ടിപുറത്താക്കുന്ന പാശ്ചാത്യ ലോകത്ത് അലക്‌സ് എഴുതിയ കത്താണ് പ്രധാന ചര്‍ച്ചാ വിഷയം. രക്തമൊലിക്കുന്ന ശരീരവുമായി ആംബുലന്‍സില്‍ നിര്‍വികാരനായി ഇരിക്കുന്ന സിറിയന്‍ ബാലന്‍ ഇംറാന്‍ ദഖ്‌നീഷിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമക്കാണ് അലക്‌സ് കത്തെഴുതിയത്. തന്റെ സ്വന്തം സഹോദരനായി വീട്ടില്‍ നിര്‍ത്താമെന്നും ഇംറാനെ അമേരിക്കയിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു പ്രസിഡന്റിനോട് അലക്‌സിന്റെ അഭ്യര്‍ഥന.
യു എന്നിലെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ബരാക് ഒബാമ തനിക്ക് ലഭിച്ച കത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. ലോകം അലക്‌സിനെ പോലെയായാല്‍ ഒരുപാട് സമൂഹത്തെ രക്ഷിക്കാനും പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കത്ത് ഉദ്ധരിച്ച് ബരാക് ഒബാമ പറഞ്ഞു. പിന്നീട് കത്ത് വൈറ്റ് ഹൗസ് പുറത്തുവിട്ടു.
ഫേസ്ബുക്കിലും ട്വിറ്ററിലൂമായി ലക്ഷക്കണക്കിനാളുകളാണ് മണിക്കൂറുകള്‍ കൊണ്ട് കത്ത് വായിച്ചത്. പിന്നീട് അലക്‌സ് കത്തുവായിക്കുന്നതിന്റെ വീഡിയോ ബി ബി സിയടക്കുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഏറെ വൈകാരികമായ ആ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.