Connect with us

National

പ്രധാനമന്ത്രി സൈനിക മേധാവികളുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരിലെ ഉറി സൈനിക താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയതായാണ് സൂചന. ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച.
അതിര്‍ത്തി സുരക്ഷയും പാക്കിസ്ഥാനുള്ള തിരിച്ചടിയുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ, നേവല്‍ സ്റ്റാഫ് വൈസ് ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവരെ കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. സ്ഥലത്തില്ലാതിരുന്നതിനാല്‍ നാവികസേനാ മേധാവി സുനില്‍ ലാംബ പങ്കെടുത്തില്ല. നിലവിലെ അവസ്ഥയില്‍ ഏത് സാഹചര്യം നേരിടാനും മൂന്ന് സൈനിക വിഭാഗങ്ങളും തയ്യാറാണെന്ന് സൈനിക മേധാവികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 18 സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തെക്കുറിച്ചും അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി എല്ലാ മാസവും സേനാ തലവന്‍മാന്മാരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും അതില്‍ക്കവിഞ്ഞ പ്രാധാന്യം ഈ കൂടിക്കാഴ്ചക്കില്ലെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. പാക്കിസ്ഥാന്‍ യുദ്ധസന്നാഹം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.