Connect with us

Gulf

ദുബൈയെ ഒന്നാമതാക്കാന്‍ പുതിയ ഏകോപനവുമായി ആര്‍ ടി എ

Published

|

Last Updated

ആര്‍ ടി എ സംഘടിത ഏകോപന പ്രവര്‍ത്തന പ്രഖ്യാപന ചടങ്ങില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍, ദുബൈ പോലീസ് മേധാവി”ലെഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, ദിവ ചെയര്‍മാനും എം ഡിയുമായ സഈദ്
മുഹമ്മദ് അല്‍ തായര്‍ തുടങ്ങിയവര്‍

ദുബൈ: ജനസംതൃപ്തി ലക്ഷ്യമാക്കി ദുബൈ ഗവണ്‍മെന്റിന്റെ നിര്‍ദേശമനുസരിച്ച് പുതിയ സംഘടിത ഏകോപനവുമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ). നിര്‍മിക്കുക, പുരോഗമിക്കുക, രൂപാന്തരപ്പെടുത്തുക എന്നീ മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ശൈലി രൂപപ്പെടുത്തിയിരിക്കുന്നത്.
ദുബൈ അര്‍മാനി ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായറാണ് ഇത് പ്രഖ്യാപിച്ചത്. ദുബൈ ഗവണ്‍മെന്റിലെ വിവിധ വകുപ്പ് മേധാവികള്‍, ആര്‍ ടി എ സി ഇ ഒമാര്‍, ഡയറക്ടര്‍മാര്‍ പങ്കെടുത്തു.
ആഗോളതലത്തില്‍ വിവിധ മേഖലയില്‍ ദുബൈയെ ഒന്നാമതാക്കാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനാണ് പങ്കാളികളുമായി ചേര്‍ന്ന് ഏകോപന പ്രവര്‍ത്തനത്തിന് ആര്‍ ടി എ തുടക്കം കുറിച്ചത്. 2021ഓടെ ലോകത്തിലെ ഏറ്റവും നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ദുബൈയില്‍ ലഭ്യമാക്കുന്നതിനുള്ള പ്രയത്‌നത്തിന്റെ ഭാഗമായാണ് ആര്‍ ടി എയുടെ നടപടിയെന്ന് അല്‍ തായര്‍ വ്യക്തമാക്കി. ആര്‍ ടി എയുടെ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും പരിധിയില്ലാത്ത പിന്തുണ നല്‍കുന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനും ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനും ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനും അല്‍ തായര്‍ നന്ദി പറഞ്ഞു. പദ്ധതിയില്‍ ആര്‍ ടി എയുടെ ലക്ഷ്യങ്ങളേയും പദ്ധതികളേയും പിന്തുണക്കുന്ന പ്രധാന പങ്കാളികളെ അദ്ദേഹം പ്രശംസിച്ചു. എമിറേറ്റിലെ ഗതാഗത സംവിധാനം സുഗമമാക്കുന്നതിനും ദുബൈ മെട്രോക്കും ദുബൈ ട്രാമിനും സുരക്ഷ നല്‍കുന്നതിനുമുള്ള ദുബൈ പോലീസിന്റെ അകമഴിഞ്ഞ പിന്തുണ മുന്‍നിര്‍ത്തി ആര്‍ ടി എയുടെ ആദരം ദുബൈ പോലീസിന് നല്‍കി. കൂടാതെ ആര്‍ ടി എ പദ്ധതികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭൂമിയും ഒരുക്കുന്ന ദുബൈ നഗരസഭാധികൃതര്‍ക്കും അല്‍ തായര്‍ നന്ദി പറഞ്ഞു.

Latest