Connect with us

Ongoing News

ഐഎസ്എല്‍: ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

Published

|

Last Updated

ഗുവാഹത്തി: ഐ എസ് എല്‍ മൂന്നാം സീസണിലെ ആദ്യ ജയം വടക്ക് കിഴക്കിന്റെ ചുണക്കുട്ടികള്‍ക്ക്. ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ്റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത കാണികളെ സാക്ഷ്യം നിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പൊടിച്ചു (1-0). രണ്ടാം പകുതിയില്‍ ജാപനീസ് മിഡ്ഫീല്‍ഡര്‍ കാസുമി യുസയാണ് വിജയഗോള്‍ നേടിയത്. അര്‍ഹിക്കുന്ന ജയമാണ് ഹോം ടീം സ്വന്തമാക്കിയത്.
അറ്റാക്കിംഗിനും പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കുവാന്‍ 3-4-3 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് തന്ത്രം മെനഞ്ഞത്. ഹോം ടീമാകട്ടെ, 4-3-3 ശൈലിയില്‍ കളം നിറഞ്ഞു കളിക്കാനും ശ്രമിച്ചു.
റോബിന്‍, ലാസെറെറ്റി, മാല്‍സന്‍, റീഗന്‍ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിനായി പ്രതിരോധം തീര്‍ത്തപ്പോള്‍ മധ്യനിരയില്‍ ബോര്‍ജസ്, യുസ, റൊമാരിക്. മുന്നേറ്റത്തില്‍ വെലെസ് ഇടത് വിംഗിലും നര്‍സാരി വലത് വിംഗിലും. സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ റോളില്‍ അല്‍ഫാറോയും.
സ്റ്റാക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്തത്. ഹെംഗ്ബര്‍ട്, ഹ്യൂസ്, ജിങ്കാന്‍ എന്നീ മൂന്ന് പേര്‍ പ്രതിരോധക്കോട്ടയില്‍. മധ്യനിരയില്‍ ഇടത് വിംഗില്‍ വിനിത് റായ്, മധ്യത്തില്‍ ദിദിയര്‍ ബോറിസ് കാഡിയോ, മെഹ്താബ് ഹുസൈന്‍ എന്നിവര്‍. വലത് വിംഗില്‍ ഇഷ്ഫാഖ് അഹമ്മദ്. മുന്നേറ്റത്തില്‍ ഇടത് ഭാഗത്ത് മുഹമ്മദ് റാഫിയും വലത് ഭാഗത്ത് അന്റോണിയോ ജെര്‍മനും. സെന്റര്‍ സ്‌ട്രൈക്കര്‍ ഹെയ്തിയുടെ ബെല്‍ഫോര്‍ട്ടും.
പതിയെ തുടങ്ങിയ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആതിഥേയരുടെ ആനുകൂല്യം മുതലെടുത്ത് ആധിപത്യംസ്ഥാപിച്ചു. പത്ത് മിനുട്ട് പിന്നിട്ടതോടെ വടക്ക് കിഴക്കന്‍ പ്രതിനിധികള്‍ അതിവേഗ നീക്കങ്ങളുമായി കളം നിറഞ്ഞു. അധിപത്യം സ്ഥാപിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്കിനെ കീഴടക്കാന്‍ പോന്ന ഷോട്ടുകളൊന്നും ആദ്യ അരമണിക്കൂറില്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. ഇരുപത്തിനാലാം മിനുട്ടില്‍ ഒരു മികച്ച അവസരം ലഭിച്ചു. റൊമാരിക് കേരള ഡിഫന്‍സിനെ വകഞ്ഞ് മാറ്റി തൊടുത്ത ഷോട്ട് ഗോളി സ്റ്റാക്കിന്റെ നേരെ കൈകളില്‍. ഇതായിരുന്നു മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ ശ്രമം. ബ്ലാസ്റ്റേഴ്‌സ് അപ്പോഴും ക്ലച്ച് പിടിക്കാതെ നില്‍ക്കുകയായിരുന്നു. പാസുകള്‍ മുഴുമിപ്പിക്കാനോ മികച്ച ധാരണ പുലര്‍ത്താനോ മഞ്ഞപ്പടക്ക് സാധിച്ചില്ല. മുപ്പത്തഞ്ചാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ആതിഥേയരെ ഒന്ന് പരീക്ഷിച്ചത്.
ആദ്യപകുതിക്ക് പിരിയാന്‍ മൂന്ന് മിനുട്ടിരിക്കെ നോര്‍ത്ത് ഈസ്റ്റിന് ലീഡെടുക്കാന്‍ അവസരം. ഇടത് വിംഗില്‍ നിന്ന് റൊമാരിക് നല്‍കിയ ക്രോസ് ബോള്‍ അപകടം പിടിച്ചതായിരുന്നു. ഗോളി സ്റ്റാക്കിന്റെ അവസരോചിത ഇടപെടലില്‍ അത് വിഫലം. രണ്ടാം പകുതി തുടങ്ങി പത്താം മിനുട്ടില്‍ ആതിഥേയര്‍ ഗോള്‍ ആഘോഷിച്ചു. ഇടത് ബോക്‌സിലൂടെ കുതിച്ചു കയറിയ അര്‍ജന്റീനക്കാരന്‍ നികോളാസ് വെലെസ് നല്‍കിയ താഴ്ന്ന ക്രോസ് സ്പ്രിന്ററെ പോലെ കുതിച്ചെത്തി ജാപനീസ് സ്‌ട്രൈക്കര്‍ വലക്കുള്ളിലാക്കി. ഈ ഗോളിന് മറുപടി നല്‍കാന്‍ വിരലിലെണ്ണാവുന്ന നീക്കങ്ങളേ ബ്ലാസ്റ്റേഴ്‌സ് നടത്തിയുള്ളൂ. ടീം സെറ്റാകാനുണ്ടെന്ന് ഈ മത്സരം അടിവരയിടുന്നു.

---- facebook comment plugin here -----